ന്യൂദല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെ പാക് അധിനിവേശ കശ്മീരില്‍ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പാക് ഭരണകൂടം പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പാക് ഭരണകൂടത്തിന്റെ നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയും (യുകെപിഎന്‍പി) ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും (ജെഎഎസി) മുന്നറിയിപ്പ് നല്‍കി.
ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് ജനങ്ങള്‍ സമാധാനപരമായി തെരുവിലിറങ്ങുന്നത്. ബലമുപയോഗിച്ച് തടയാനാണ് നീക്കമെങ്കില്‍ പാകിസ്ഥാനില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കി.കൊടിയ നികുതി, ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍, അനിയന്ത്രിതമായ പണപ്പെരുപ്പം, അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം എന്നിവ മൂലം ജനം വലയുകയാണ്. ഭൂമിയുടെയും ജലസ്രോതസ്സുകളുടെയും ഉടമസ്ഥാവകാശം, പിഒകെ, പാക് അധിനിവേശ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ അണക്കെട്ടുകളില്‍ ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ മേല്‍ തദ്ദേശവാസികള്‍ക്ക് റോയല്‍റ്റി എന്നിവ ജനങ്ങളുടെ അവകാശമാണ്, പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ഭാരതത്തിന്റെ ഭാഗമാണ് പാക് അധിനിവേശ ജമ്മു കശ്മീരെന്നും ആ പ്രദേശം ഭാരതത്തിലേക്ക് തിരികെവരുമെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും ഭവിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പിഒകെ പ്രശ്‌നം ജനങ്ങളുടെ ചിന്തയില്‍ സജീവമാണെന്ന് ന്യൂദല്‍ഹിയിലെ ഗാര്‍ഗി കോളജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു.
Discussion about this post