ട്യൂട്ടിങ്(അരുണാചല്‍): സിയാങ് നദി കടക്കുന്നതിനിടെ തളര്‍ന്നുവീണ സഹപ്രവര്‍ത്തകനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികന്‍ സതീന്ദറിന് സൈനികര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചു. 4 സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ (എല്‍ഐ) പട്ടാളക്കാരനായ സതീന്ദര്‍ ഇപ്പോള്‍ സൈനികര്‍ക്ക് ‘സതി ബാബ’യാണ്. 2020 ലെ പട്രോളിങ്ങിനിടെയായിരുന്നു സതീന്ദറിന്റെ ജീവത്യാഗം. അതിര്‍ത്തിയില്‍ സൈനികരുടെ സുരക്ഷയ്ക്കായി ഇപ്പോഴും സതീന്ദര്‍ അവിടെയുണ്ട് എന്ന വിശ്വാസത്തിലാണ് സതിബാബയ്ക്ക് സ്മൃതികുടീരം തീര്‍ത്തത്.2020 ജൂലൈ ഒന്നിനാണ് സിയാങ് താഴ്വരയിലെ നദി മുറിച്ചുകടക്കുന്നതിനിടെ സഹപ്രവര്‍ത്തകനെ രക്ഷിക്കുന്നതിനിടയില്‍ സതീന്ദറിന് ഒരു കാല്‍ നഷ്ടമായത്. നദിയിലെ കുത്തൊഴുക്കില്‍ അദ്ദേഹം നദിയില്‍ ഒഴുകിപ്പോയി. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും, മൃതശരീരം പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
ഇതേ പട്രോളിങ്ങിന്റെ ഭാഗമായിരുന്ന ഒരു സൈനികന്റെ സ്വപ്നത്തില്‍ 2021 മെയ് 23 ന് സതീന്ദര്‍ വന്നുവത്രെ. എല്ലാ സൈനികരെയും പോര്‍ട്ടര്‍മാരെയും സംരക്ഷിക്കാന്‍ താഴ്വരയില്‍ താന്‍ തുടരുമെന്ന് ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് സതി ബാബ സെന്‍ട്രി പോസ്റ്റ് സ്ഥാപിക്കുന്നത്.
അരുണാചല്‍ പ്രദേശിലെ ട്യൂട്ടിങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന ‘സതി ബാബ ദിനാചരണത്തില്‍ സായുധസേനാംഗങ്ങള്‍ക്ക് പുറമേ നിരവധി പ്രദേശവാസികളും പങ്കെടുത്തു. ട്യൂട്ടിങ്ങില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ കമാന്‍ഡിംഗ് ഓഫീസര്‍, സിവില്‍ പ്രമുഖര്‍, 4 സിഖ് എല്‍ഐയുടെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Discussion about this post