ജയ്പൂര്‍: ലോകമാതാ അഹല്യബായി ഹോള്‍ക്കര്‍ ജന്മത്രിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രസേവികാസമിതിയുടെ നേതൃത്വത്തില്‍ ജയ്പൂരില്‍ പഥസഞ്ചലനം. അഗ്രസേന്‍ മാര്‍ഗിലെ അഗര്‍വാള്‍ പിജി കോളജില്‍ ഇന്നലെ സമാപിച്ച സേവികാസമിതി ക്ഷേത്ര പ്രബോധ് വര്‍ഗിന്റെ സമാപനപരിപാടികളുടെ ഭാഗാമായാണ് അഹല്യാബായി സ്മൃതികളുണര്‍ത്തി പഥസഞ്ചലനം നടന്നത്.
‘സംഘടന്‍ ഗഢേ ചലേ സുപന്ഥ് പര്‍ ബഢേ ചോലോ എന്ന സഞ്ചലനഗീതവുമായി നൂറ് കണക്കിന് യുവതികള്‍ പഥസഞ്ചലനത്തിന് പിന്നില്‍ അണിനിരന്നു. അഗര്‍വാള്‍ കോളജ്, ഘാട്ട്‌ഗേറ്റ്, രാംഗഞ്ച് ബസാര്‍, ബാഡി ചൗപര്‍, ജോഹ്രി ബസാര്‍, സംഗനേരി കവാടം വഴി അഗര്‍വാള്‍ കോളജ് മൈതാനത്ത് സമാപിച്ച പഥസഞ്ചലനത്തിന് പാതയോരങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ലഭിച്ചു.
രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ യുവതികള്‍ സജ്ജരാകണമെന്ന് സമാപന പൊതുപരിപാടിയില്‍ സംസാരിച്ച അഖിലഭാരതീയ സഹ ശാരീരിക് പ്രമുഖ വസുധ സുമന്‍ പറഞ്ഞു. ഇരട്ട ഉത്തരവാദിത്തമാണ് സ്ത്രീകള്‍ക്ക് നിര്‍വഹിക്കേണ്ടത്, ഭാവിയുടെ സുരക്ഷിതത്വം, രാഷ്ട്രത്തിന്റെ സമുദ്ധാരണം എന്നിവയാണത്. കുടുംബം, വ്യക്തിനിര്‍മാണം എന്നിവയിലൂടെ മാത്രമേ സമാജത്തില്‍ ധാര്‍മ്മികമൂല്യങ്ങള്‍ നിലനിര്‍ത്താനാവൂ. വ്യക്തിതം വികസിക്കാതെ ഒരര്‍ത്ഥത്തിലും സ്ത്രീശാക്തീകരണം ഫലവത്താകില്ല. രണ്ട് ചുമതലകളും സമര്‍പ്പണഭാവത്തോടെ നിര്‍മ്മിക്കാന്‍ ആകണമെന്ന് വസുധ സുമന്‍ പറഞ്ഞു.
സേവികാ സമിതി ക്ഷേത്ര കാര്യവാഹിക പ്രമീള ശര്‍മ, വര്‍ഗ് സര്‍വാധികാരി നര്‍മദ ഇന്‍ദൗരിയ, വര്‍ഗ് കാര്യവാഹിക സംഗീത ജംഗിദ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post