തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഹിന്ദു ഐക്യവേദി വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. പൂരത്തില്‍ മഠത്തില്‍വരവ് നിര്‍ത്തിവയ്‌ക്കേണ്ടി വരികയും, യഥാസമയം വെടിക്കെട്ട് നടത്താന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു. ആചാരലംഘനം, പോലീസ് ലാത്തിച്ചാര്‍ജ്, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ എന്നിവയെക്കുറിച്ചാണ് അന്വേഷണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തൃശ്ശൂര്‍ പൂരം, പൂരം പ്രദര്‍ശനം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വെല്ലുവിളികളെ സംബന്ധിച്ചും അന്വേഷണവും പഠനവും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം സമിതിയെ നിയോഗിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ ചെയര്‍മാനും ജസ്റ്റിസ് എ. ഹരിപ്രസാദ്, പി. വേണുഗോപാല്‍, ഡോ. എം. ലക്ഷ്മികുമാരി, കെ.എന്‍. ബാല്‍, ശ്രീജിത്ത് പണിക്കര്‍ (സാമൂഹ്യ നിരീക്ഷകന്‍) എന്നിവര്‍ സമിതി അംഗങ്ങളുമാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. സി. രാജേന്ദ്രനാണ് സമിതിയുടെ സെക്രട്ടറി.
തൃശ്ശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധികളും വെല്ലുവിളികളും നിരന്തരമായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി, കേരള ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്, ശബരിമല അയ്യപ്പസേവാ സമാജം, ശബരിമല കര്‍മസമിതി എന്നീ സംഘടനകളുടെ സംയുക്ത യോഗം വസ്തുതാ അന്വേഷണ സമിതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
നൂറ്റാണ്ടുകളായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിലും സംഘാടനത്തിലും നടക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍, മറ്റു ചടങ്ങുകള്‍, പാറമേക്കാവ്, തിരുവമ്പാടി, ഘടകപൂരങ്ങള്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പൂരം പ്രദര്‍ശനം, മറ്റു സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവയുടെ പങ്കാളിത്തം, ഊരായ്മക്കാര്‍, തന്ത്രി, മേല്‍ശാന്തി, കഴകം, പാരമ്പര്യ അവകാശികള്‍, വാദ്യകലാകാരന്മാര്‍, ആലവട്ടം, വെണ്‍ചാമരം, കുട തുടങ്ങിയ സാധനസാമഗ്രികളുടെ നിര്‍മാതാക്കള്‍, ആന പരിപാലകര്‍, ആന ഉടമസ്ഥര്‍, വെടിക്കെട്ട് കരാറുകാര്‍, മറ്റു ക്ഷേത്ര കലാകാരന്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ കര്‍ത്തവ്യങ്ങള്‍, അവകാശങ്ങള്‍, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സംസ്ഥാന ഭരണകൂടം, ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ കോര്‍പറേഷന്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവക്ക് തൃശ്ശൂര്‍ പൂരം നടത്തിപ്പിലുള്ള പങ്കാളിത്തം തുടങ്ങിയവയാണ് സമിതിയുടെ അന്വേഷണ- പഠന പരിധിയില്‍ വരുന്നത്.
സമിതിയുടെ ആദ്യ സിറ്റിങ് ജൂണ്‍ 9ന് 11 മണിക്ക് തൃശ്ശൂര്‍ മാരാര്‍ റോഡിലെ ഹോട്ടല്‍ വൃന്ദാവന്‍ ഇന്നില്‍ നടക്കും. അന്വേഷണ സംഘത്തിന് മുന്നില്‍ പൂരം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന സാഹചര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പൂരം നടത്തിപ്പില്‍ നേരിടുന്ന പ്രതിസന്ധികള്‍, പൂരം സുഗമമായി നടത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടാകും.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, സംഘടനാ സെക്രട്ടറി സി. ബാബു, വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, ശബരിമല കര്‍മസമിതി ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം ട്രസ്റ്റി വി.കെ. വിശ്വനാഥന്‍, അഡ്വ. സി.കെ. സജിനാരായണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post