കൊല്‍ക്കത്ത: ഭാരതത്തിന്റെ കിഴക്കന്‍ നഗരമായ കൊല്‍ക്കത്തയില്‍ ഇന്നത്തെ പകല്‍ മറഞ്ഞുതീരുമ്പോള്‍ ലോക ഫുട്‌ബോളില്‍ ഭാരതത്തിന്റെ യശസുയര്‍ത്തിയ ഇതിഹാസതാരം കരിയറിലെ അവസാന അങ്കത്തിനായ് ബൂട്ടുകെട്ടി ഇറങ്ങും. കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ലേക്കുള്ള യോഗ്യതാ മത്സരത്തിന്. ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം എന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിനപ്പുറം ഭാരതത്തിന് ലോകകപ്പിനോടടുക്കാന്‍ ഇന്ന് ജയിച്ചേ തീരൂ എന്ന നിര്‍ബന്ധം കൂടിയുണ്ട്.
19-ാം വയസില്‍ കളത്തിലിറങ്ങിയ താരം ഇന്ന് 20 വര്‍ഷത്തിനിപ്പുറം കളിയില്‍ നിന്നും വിടുകയാണ്. ഭാരതത്തിന് വേണ്ടിയായാലും ബെംഗളൂരുഎഫ്‌സിക്കുവേണ്ടിയാണേലും ഇപ്പോഴും ഈ സെക്കന്തരാബാദുകാരന്‍ മുന്‍നിരയില്‍ പന്തുമായി കുതിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല, വിരമിക്കാന്‍ സമയമായെന്ന്. മറ്റേതൊരു കായികതാരത്തെ അപേക്ഷിച്ചും ഛേത്രിയുടെ പ്രകടനം കാണുന്നവര്‍ കണ്ണടച്ച് വിലയിരുത്തും- താരത്തിന്റെ പ്രകടനം കരിയറിന്റെ ഉയര്‍ന്ന തലത്തില്‍ നിന്നു പൊരുതുന്ന താരമാണെന്ന്. പ്രായം 39 എത്തിയെന്നത് ഈ താരത്തിന് ബാധകമല്ലെന്ന് പ്രകടനം കണ്ടാല്‍ തോന്നില്ല. 2000ന്റെ തുടക്കത്തില്‍ ബൈച്ചുങ് ഭൂട്ടിയയുടെ വൈഭവത്തില്‍ ഭാരത ഫുട്‌ബോള്‍ നിലകൊണ്ട കാലത്താണ് ഛേത്രിയുടെ അരങ്ങേറ്റം. 2005ല്‍ ഭൂട്ടിയ പരിക്ക് കാരണം പുറത്തിരുന്ന കാലത്ത് പകരക്കാരനായാണ് ഛേത്രിയെ ഇറക്കിയത്. പാകിസ്ഥാനെതിരായ ഒരു മത്സരത്തില്‍ സ്‌കോര്‍ ചെയ്ത് തുടങ്ങിയ ഛേത്രി പിന്നെ ഭാരത ഫുട്‌ബോളിന്റെ നായകത്വം മെല്ലെമെല്ലെ ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഇത്രയും കാലത്തിനിടെ 12 ടൈറ്റിലുകള്‍ ഭാരതത്തിനായി നേടി. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ യോഗ്യത കൈവരിച്ചു. ഒടുവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നേടുന്ന ലോക താരങ്ങളില്‍ നാലാമനായി ഭാരത ഫുട്‌ബോളിനെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയാണ് വിടവാങ്ങാനൊരുങ്ങുന്നത്. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ നേട്ടത്തില്‍ താരത്തിന് മുന്നിലുള്ള മൂന്ന് താരങ്ങളില്‍ രണ്ട് പേര്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ രണ്ട് പേരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും(128 ഗോളുകള്‍) ലയണല്‍ മെസിയും(106).
ഇന്നത്തെ മത്സരം ജയിച്ചാല്‍ ഭാരതത്തിന് ലോകകപ്പ് യോഗ്യതയുടെ അടുത്ത മത്സരത്തിലേക്ക് മുന്നേറാനുള്ള സാധ്യത ഒരുപരിധി വരെ ഉറപ്പിക്കാനാകും. ഏഷ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം. കരുത്തരായ ഖത്തര്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി മുന്നില്‍ നില്‍ക്കുകയാണ്. ഇന്ന് ഭാരതത്തിന് ജയിച്ചാല്‍ പോയിന്റ് ഏഴായി ഉയരും.
Discussion about this post