ചെന്നൈ: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളും വന്ദേ മെട്രോയും ട്രാക്കിലേക്ക് ഉടന്‍ എത്തുമെന്ന് സൂചന. ആഗസ്റ്റ് 15 നുള്ളില്‍ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 250 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2029 ഓടെ ട്രാക്കിലിറക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷണയോട്ടത്തിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്ററായിരിക്കുമെങ്കിലും ട്രാക്കില്‍ 160 ആയിരിക്കും പരമാവധി വേഗം. നിലവിലെ സ്ലീപ്പര്‍ ട്രെയിനുകളായ രാജധാനി, തേജസ്, ശതാബ്ദി തുടങ്ങിയ എക്‌സ്പ്രസുകളേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളും വേഗതയുമുണ്ടാകും വന്ദേഭാരതിന്. പരീക്ഷണയോട്ടം ആറു മാസമെങ്കിലും തുടരും. തുടര്‍ന്ന്, റേക്കുകളുടെ നിര്‍മാണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
11 എ.സി ത്രീ ടയര്‍, നാല് എ.സി. ടു ടയര്‍, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളുണ്ടാകും. ദീര്‍ഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉപയോഗിക്കുക. വേഗതയ്‌ക്കും കാര്യക്ഷമതയ്‌ക്കും പേരുകേട്ട വന്ദേ ഭാരത് ബ്രാന്‍ഡിന്റെ സ്ലീപ്പര്‍ പതിപ്പ് സുഖകരമായ ഉറക്കത്തിന് ആവശ്യമായ ക്രമീകരണങ്ങളും ഉറപ്പുനല്‍കുന്നുവന്നു റയില്‍വേ അറിയിച്ചു.
മികച്ച കുഷ്യനുകള്‍, മിഡില്‍, അപ്പര്‍ ബെര്‍ത്തുകളില്‍ സുഗമമായി കയറാന്‍ രൂപകൽപ്പന ചെയ്ത ഗോവണി, സെന്‍സര്‍ ലൈറ്റിംഗ് എന്നീ സൗകരങ്ങളുണ്ടാകും. വന്ദേ ഭാരതിലേത് പോലെ ഓട്ടോമാറ്റിക് വാതിലുകള്‍, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്, ജെർക്കിങ് കുറയ്‌ക്കാനായി കോച്ചുകള്‍ക്കിടയില്‍ സെമി-പെര്‍മനന്റ് കപ്ലറുകള്‍ എന്നിവയും സജ്ജീകരിക്കും.
Discussion about this post