ജമ്മു: അമർനാഥ് യാത്ര തുടരുന്നതിനിടെ തീർഥാടകരുടെ രണ്ടാം ബാച്ച് സേനയുടെ അകമ്പടിയോടെ താഴ്‌വരയിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് 200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് താഴ്‌വരയിലേക്ക് 1,881 യാത്രക്കാരുടെ രണ്ടാം ബാച്ച് പുറപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗറിലെ യാത്രി നിവാസ് ബേസ് ക്യാമ്പിൽ നിന്ന് 4,603 തീർത്ഥാടകരുടെ ആദ്യ ബാച്ച് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു.
ഇവരിൽ 1,069 യാത്രക്കാർ 104 വാഹനങ്ങളിലായി ബാൾട്ടൽ ബേസ് ക്യാമ്പിലേക്കു പോയപ്പോൾ 812 പേർ 96 വാഹനങ്ങളിലായി നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്കു പുറപ്പെട്ടു. രണ്ട് വാഹനവ്യൂഹങ്ങൾക്കും സുരക്ഷാ സേനയുടെ അകമ്പടിയുണ്ട്.
52 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര രക്ഷാബന്ധൻ, ശ്രാവണ പൂർണിമ എന്നീ ഉത്സവങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് അവസാനിക്കും. 48 കിലോമീറ്റർ നീളമുള്ള പരമ്പരാഗത പഹൽഗാം-ഗുഹാക്ഷേത്ര പാതയോ അല്ലെങ്കിൽ 14 കിലോമീറ്റർ നീളമുള്ള ബാൽട്ടാൽ പാതയോ ആണ് യാത്രക്കാർ സ്വീകരിക്കുന്നത്. പഹൽഗാം വഴിയുള്ളവർ ഗുഹാക്ഷേത്രത്തിലെത്താൻ നാല് ദിവസമെടുക്കും, ബാൽട്ടാൽ വഴി പോകുന്നവർ ഗുഹാക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയ ശേഷം അതേ ദിവസം തന്നെ തിരികെയെത്തും.
സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിൽ മഞ്ഞുകൊണ്ടുള്ള ഒരു ശിവലിംഗമുണ്ട്. അത് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കൊപ്പം കുറയുകയും കൂടുകയും ചെയ്യും. അപകടരഹിതമായ യാത്ര ഉറപ്പാക്കാൻ രണ്ട് യാത്രാ റൂട്ടുകളിലും രണ്ട് ബേസ് ക്യാമ്പുകളിലും ഗുഹാ ദേവാലയത്തിലും വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ജൂലൈ 3 മുതൽ അധിക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. രണ്ട് റൂട്ടുകളിലും യാത്രക്കാർക്ക് ഹെലികോപ്റ്റർ സേവനവും ലഭ്യമാണ്.
Discussion about this post