ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ഇന്നലെ മന്‍ കീ ബാത്തിന്റെ 111-ാം എപ്പി സോഡിലാണ് പ്രധാനമന്ത്രി കാര്‍ത്തുമ്പി കുടകള്‍ക്കും അതിനു പിന്നിലെ നാരീശക്തിക്കും അഭിനന്ദനം അറിയിച്ചത്.
പ്രധാനമന്ത്രി ഇങ്ങനെ വിശദീകരിച്ചു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ അതിവേഗം അതിന്റെ വര്‍ണങ്ങള്‍ പരത്തുകയാണ്. മഴക്കാലത്ത് എല്ലാവരും വീടുകളില്‍ തെരയാന്‍ തുടങ്ങുന്നത് കുടയാണ്. മന്‍ കി ബാത്തില്‍ ഒരു പ്രത്യേകതരം കുടയെക്കുറിച്ച് നിങ്ങളെ അറിയിക്കുകയാണ്. ഈ കുടകള്‍ ഉണ്ടാക്കുന്നത് നമ്മുടെ കേരളത്തിലാണ്. കേരള സംസ്‌കാരത്തില്‍ കുടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അവിടെയുള്ള പല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രധാനഭാഗമാണ് കുടകള്‍.
എന്നാല്‍ ഞാന്‍ പറയുന്നത് കാര്‍ത്തുമ്പി കുടകളെക്കുറിച്ചാണ്. കേരളത്തിലെ അട്ടപ്പാടിയിലാണ് ഇത് തയാറാക്കുന്നത്. ഈ കുടകള്‍ വളരെ മനോഹരമാണ്. കേരളത്തിലെ വനവാസി സഹോദരിമാരാണ് ഈ കുടകള്‍ ഉണ്ടാക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ന് രാജ്യത്തുടനീളം ഈ കുടകളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിന്നു. ഓണ്‍ലൈന്‍ വഴിയും ഇവ വില്‍ക്കുന്നുണ്ട്. വട്ടലക്കി സഹകരണ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിര്‍മിക്കുന്നത്.
‘നാരീശക്തിയാണ് ഈ സഹകരണസംഘത്തെ നയിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ വനവാസി സമൂഹം സംരംഭകത്വത്തിന്റെ മികച്ച മാതൃകയാണ് അവതരിപ്പിച്ചത്. ഈ സൊസൈറ്റി ഒരു മുള കരകൗശല യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റീട്ടെയില്‍ ഔട്ട്ലെറ്റും പരമ്പരാഗത കഫേയും തുറക്കാനുള്ള ഒരുക്കത്തിലാണ്.
തങ്ങളുടെ കുടകളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുക മാത്രമല്ല, പാരമ്പര്യവും സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയാണ് അവരുടെ ലക്ഷ്യം. ഇന്ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്‌ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുകയാണ് കാര്‍ത്തുമ്പി കുട. വോക്കല്‍ ഫോര്‍ ലോക്കലിന് ഇതിലും മികച്ച ഉദാഹരണം മറ്റെന്താണ്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post