കോഴിക്കോട്: സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുവെന്ന് നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന്‍.
വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് നടത്തിയ പി.വി.കെ നെടുങ്ങാടി മാധ്യമ അവാര്‍ഡ് ദാനവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം ഭാരമുള്ളതാണ്. അത് എടുക്കാന്‍ ശക്തിയുണ്ടാകണം. പലരും സത്യം പറയാന്‍ ശ്രമിച്ച് പരാജയപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുന്നു. സത്യം പറയുവാന്‍ ത്രാണിയുണ്ടാവണമെന്ന പന്തളം കേരള വര്‍മ്മയുടെ പ്രാര്‍ത്ഥനാഗീതം പാഠപുസ്തകങ്ങളില്‍ ഇന്ന് പഠിപ്പിക്കുന്നില്ല.
അന്വേഷിച്ച് സത്യം കണ്ടെത്തി അതിന്റെ പൊരുള്‍ വ്യാഖ്യാനിച്ച് ജനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുകയാണ് പത്രപ്രവര്‍ത്തകരുടെ ധര്‍മ്മം. പാലും വെള്ളവും വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ള പരമഹംസത്തെ പോലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിയെ കണ്ടെത്തുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്.
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനങ്ങളുടെ പത്രപ്രവര്‍ത്തകനായിരുന്നു പി.വി.കെ. നെടുങ്ങാടിയെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍ നാരദജയന്തി സന്ദേശം നല്കി. ഭാവനയുടെ വേലിയേറ്റകാലത്ത് സത്യത്തെ മുറുകെ പിടിച്ച മാര്‍ഗദര്‍ശിയായിരുന്നു പി.വി.കെ. നെടുങ്ങാടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് ഹിതകരമായത് പറഞ്ഞ നാരദന് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആരെയും ഭയക്കാതെ, ആരും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന നാരദന്‍ സര്‍വ്വഭൂത ഹിതൈഷിയായ ഋഷിയായിരുന്നുവെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
ജനം ടിവി തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ എം. മനോജിന് രവിവര്‍മ്മ തമ്പുരാന്‍ പുരസ്‌കാരം നല്കി. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എം. ബാലഗോപാല്‍, സി.എം. കൃഷ്ണപ്പണിക്കര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം എ.കെ. അനുരാജ് എന്നിവരെ ആദരിച്ചു. വിവിധ മേഖലയില്‍ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകരായ, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ എന്‍.ടി. സഞ്ജയ് ദാസ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സി. അരുണ്‍ കുമാര്‍, സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍, ഗൃഹലക്ഷ്മി സബ്എഡിറ്റര്‍ സൂരജ് സുകുമാരന്‍, ദീപിക ഫോട്ടോഗ്രഫര്‍ രമേഷ് കോട്ടൂളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഹരീഷ് കടയപ്രത്ത് അധ്യക്ഷനായി. മനോജ് മറുപടി പറഞ്ഞു. കെ.എം അരുണ്‍, എ.എന്‍. അഭിലാഷ് സംസാരിച്ചു.
Discussion about this post