കൊൽക്കത്ത: ബംഗാളിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ മുഴുവൻപ്രതികളെയും 48 മണിക്കൂറിനുള്ളിൽ കസ്‌റ്റഡിയിലെടുക്കാത്തപക്ഷം കർശന നടപടികളിലേക്ക് നീങ്ങുമെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ് സർക്കാരിന് മുന്നറിയിപ്പു നൽകി. സമീപകാലത്തെ സമാനമായ മറ്റു കേസുകളിലും സർക്കാർ കൈക്കൊണ്ട നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
“ഇവിടെ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. ഇത് ഇന്ത്യയ്‌ക്കും മനുഷ്യത്വത്തിനും നാണക്കേടാണ്. നിയമത്തിന്റെ സംരക്ഷകർ തന്നെ ഗൂഢാലോചനക്കാരായി മാറിയിരിക്കുന്നു. പോലീസിലെ ഒരു വിഭാഗം രാഷ്‌ട്രീയവൽക്കരിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്നു. ഈ ജീർണ്ണത അവസാനിപ്പിക്കണം”, അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ഡോക്ടർമാരുടെ സമരപന്തലിലെത്തിയ ഗവർണർ ഡോക്ടർ സി.വി ആനന്ദബോസിനെ ജയ് വിളികളുമായാണ് സമരക്കാർ സ്വീകരിച്ചത്. ബംഗാളിനും രാജ്യത്തിനും ഒരുപോലെ അപമാനകരമായ സംഭവമാണ് ഉണ്ടായതെന്നും പ്രതിഷേധക്കാർക്കെതിരായ ആക്രമണ സംഭവങ്ങളിൽ പ്രതികരിച്ചുകൊണ്ട് ഗവർണർ പറഞ്ഞു. ബംഗാളിലെ മുഖ്യമന്ത്രിയെക്കാൾ കൂടുതൽ ജനപ്രീതിയാണ് ഡോക്ടർ സി വി ആനന്ദബോസിന് തെരുവുകളിൽ ലഭിക്കുന്നത്. ഗവർണറേ മുദ്രാവാക്യം വിളിച്ചും വരവേറ്റും നീതി വേണം എന്നും വീ വാണ്ട് ജസ്റ്റിസ് എന്ന് വലിയ മുദ്രാവാക്യം മുഴക്കിയും സമരക്കാർ സ്വീകരിക്കുക ആയിരുന്നു.
കൊലപാതകത്തിനും അക്രമസംഭവങ്ങൾക്കും പിന്നാലെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഗവർണറെ കണ്ടിരുന്നു. തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ സുരക്ഷിതരല്ലെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെത്തുടർന്നാണ് ഡോക്ടർമാർക്ക് ഗവർണർ സഹായം വാഗ്ദാനംചെയ്തത്. തന്റെ പിന്തുണ ഡോക്ടർമാർക്കൊപ്പമുണ്ടെന്നും ഒരുമിച്ച് നീതിക്കായി പോരാടുമെന്നും അദ്ദേഹം തന്നെ കണ്ട 20 അംഗ ഡോക്ടർമാരുടെ സംഘത്തിന് ഉറപ്പ് നൽകി.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Discussion about this post