കോഴിക്കോട്: നാട് കണ്ട സമര്‍പ്പിത ജീവിതത്തിന്റെ ഉടമയും പകരം വയ്ക്കാനില്ലാത്ത സംഘാടകനുമായിരുന്നു ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദനെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. പി.പി മുകുന്ദന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി വന്ദേമുകുന്ദവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തിനധീതമായി വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നയാളാണ് മുകുന്ദന്‍. ഇന്നു കാണുന്ന വിദ്വേഷം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. കാണാന്‍ പോയോ കണ്ടോ എന്നൊക്കെയാണ് ഇന്ന് കേരളത്തിലെ പ്രധാന ചര്‍ച്ചവിഷയം ജനാധിപത്യവ്യവസ്ഥയില്‍ വ്യത്യസ്ത രാഷ്ട്രീയവും ആശയവും വൈരുദ്ധ്യമല്ല, വൈവിധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയും ജനസംഘവും ഒരേ മന്ത്രിസഭയിലെ അംഗങ്ങളായതിനെ കുറിച്ച് 1967ല്‍ കോഴിക്കോട് സമ്മേളനത്തില്‍ ദീന്‍ദയാല്‍ ഉപാധ്യയോട് പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ജനാധിപത്യത്തില്‍ എല്ലാവരും സ്വീകാര്യരാണെന്നും രാഷ്ട്രീയത്തിലെ അസ്പൃശ്യത കുറ്റകരമാണെന്നുമായിരുന്നു. തൊട്ടുകൂടായ്മ മാത്രമല്ല, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരെന്ന കാലത്തിലേക്ക് ഇപ്പോള്‍ കേരളം തിരിച്ചുപോകുകയാണ്. കപടമുഖങ്ങളോടെ യുദ്ധംചെയ്യുന്ന ഇരുമുന്നണികളും ഇക്കാര്യം പഠിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നരേന്ദ്രമോദിയോടെ അസ്പൃശ്യത പുലര്‍ത്തിയ മുഖ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയായ പ്രതിപക്ഷനേതാവും ഡല്‍ഹിയില്‍ അപേക്ഷ കൊടുത്ത് കാത്തിരുന്ന് കാണാന്‍ പോയ ചരിത്രം മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കൂടിക്കാഴ്ചകളെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും 80 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ബിജെപി നേതാവ് ഓ.രാജഗോപാലിനെ പിന്താങ്ങിയത് യുഡിഎഫ് ആണെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നത് കക്ഷിരാഷ്ട്രീയമല്ലെന്നും പൊതുരാഷ്ട്രീയം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.പി.മുകുന്ദന്‍ സേവാ പുരസ്‌കാരം കേന്ദ്രന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം കെ.പി.ശ്രീശന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖപ്രഭാഷണം നടത്തി. പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പി.വി.ചന്ദ്രന്‍, വി.കെ.സജീവന്‍, പി.ഉണ്ണികൃഷ്ണന്‍, അഡ്വ.കെ.വി.സുധീര്‍ സംസാരിച്ചു. തന്നെ കാണാനെത്തിയ രണ്ടര വയസ്സുകാരിയായ ആരാധിക ശ്രേഷ്ഠയ്ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി.
കോഴിക്കോട്ടെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ശ്രേഷ്ഠയ്ക്ക് നേരത്തെ വാക്ക് നല്‍കിയിരുന്നു. സുരേഷ് ഗോപി മറുപടി നല്‍കി.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച: വിമര്‍ശനം ഉന്നയിക്കാന്‍ യോഗ്യതയുള്ള ഒരാളും കേരളത്തില്‍ ഇല്ല: സുരേഷ് ഗോപി
കോഴിക്കോട്: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ഒരാള്‍പോലും കേരളത്തില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്‍പിക്കുന്നവര്‍ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു. പി.പി. മുകുന്ദന്‍ അനുസ്മരണ സമിതിയുടെ പ്രഥമ പി.പി. മുകുന്ദന്‍ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചക്കാലമായി കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചയില്‍ പുച്ഛം തോന്നുന്നുവെന്നും ഒരു കാലത്ത് പാനൂര്‍ എന്ന ഗ്രാമം എരിഞ്ഞു തുടങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഭ്രമിച്ചുപോകുന്നതായിരുന്നു. തെരുവുവനായകള്‍ മാത്രം വിഹരിക്കുന്ന നഗരകാഴ്ചകള്‍ ടെലിവിഷനുകളില്‍ കണ്ടപ്പോള്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ ആലോചിച്ചുപോയെന്നും അന്ന് പിന്തുണ നല്‍കിയത് സംവിധായകന്മാരായ സിദ്ധിഖും ജോഷിയുമാണ്. സിനിമാ ലോകത്തുനിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യപ്പെട്ടു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിളിക്കുന്നത് പി.പി. മുകുന്ദേട്ടനും മുഖ്യമന്ത്രി ഇ.കെ. നായനാരുമാണ്. ഇന്ന് ചര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒന്ന് റിവേഴ്സ് ഗിയറില്‍ പോകണം. കണ്ണൂര്‍ കളക്ടറ്റേറില്‍ എത്ര ദിവസം നായനാരും ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും സമാധാന പുന:സ്ഥാപനത്തിനുള്ള ഇച്ഛ നടപ്പാക്കാന്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയെന്ന് അറിയണം. രണ്ടു മനസുകള്‍ രാഷ്ട്രീയ വൈരുധ്യം മറന്നാണ് പ്രവര്‍ത്തിച്ചത്.
ജനാധിപത്യം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുകൂടായ്മയ്ക്ക് പ്രോത്സാഹനം ചെയ്യുന്നവരും തുല്യക്രിമിനലുകളാണ്. ഇന്ന് നമ്മെ ചോദ്യം ചെയ്യാന്‍ യോഗ്യനായ ഒരാളും മറുപക്ഷത്തില്ല. തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ രണ്ടുപേരില്‍ ഒരാളാണ് മുകുന്ദന്‍. മറ്റൊരാള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് മറ്റൊരാള്‍. ഏറ്റവും ചരിത്രപരമായ സാമൂഹ്യ രാഷ്ട്രീയ ഇടപെടലിനു പ്ലാറ്റ്ഫോം ഒരുക്കിയത് ഇവര്‍ രണ്ടുപേരുമാണെന്നു അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വച്ച് തനിക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണ് പി.പി. മുകുന്ദന്റെ പേരിലുള്ള സേവാപുരസ്‌കാരമെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post