കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ച് നടപ്പാക്കിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്.
പരിവർത്തനത്തിൽ രാജ്യത്തെ അതിവേഗം മുന്നോട്ടു നയിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ പ്രതീകമാണ് ഇന്ത്യൻ റെയിൽവേ. പാളം തെറ്റി സഞ്ചരിച്ചിരുന്ന സർക്കാരിനെ ശരിയായ പാതയിലെത്തിച്ച് ‘ഡബിൾ എഞ്ചിൻ’ ശക്തിയോടെ മുന്നോട്ടുനയിക്കുന്നതിൽ പ്രധാനമന്ത്രി കാട്ടിയ മികവ് ഇന്ന് വികസനത്തിന്റെ എല്ലാ മേഖലയിലും ദൃശ്യമാണ്.
ഏറ്റവും കാര്യക്ഷമവും വ്യത്യസ്തവുമായ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഇത് രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്നുവെന്ന് പശ്ചിമബംഗാളിൽ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തെ പ്രശംസിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.
ഭാരതീയരുടെ വികാസവും ഐക്യവും ആത്മവിശ്വാസവും ആത്മാഭിമാനവും സുരക്ഷയും സദ്ഭാവനയും ശാന്തിയും ഊട്ടിവളർത്തുന്നതാണ് പ്രതിബദ്ധതയോടെയുള്ള കേന്ദ്രസർക്കാരിന്റെ ഓരോ സംരംഭവും. വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ ബംഗാളിൽ മോദി സർക്കാർ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ബംഗാൾ ജനത കേന്ദ്രസർക്കാറിനോടും പ്രധാനമന്ത്രിയോടും നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റെയിൽവേയെ പുരോഗതിയുടെ പാതയിൽ അതിവേഗം നയിക്കുന്ന മന്ത്രി അശ്വിനി വൈഷ്ണവിനെയും അദ്ദേഹം അഭിനന്ദിച്ചു.
ആറ് വന്ദേ ഭാരത് ട്രെയിനുകൾ ആണ് പുതുതായി ആരംഭിച്ചത്. ടാറ്റാനഗർ – പട്‌ന, ഭഗൽപൂർ – ദുംക – ഹൗറ, ബ്രഹ്മപൂർ – ടാറ്റാനഗർ, ഗയ – ഹൗറ, ദിയോഘർ – വാരണാസി, റൂർക്കേല – ഹൗറ റൂട്ടുകളിലെ യാത്രാ സൗകര്യം മെച്ചപ്പടുത്തുന്നതാണ് പുതിയ വന്ദേഭാരത് സർവീസുകൾ.
ദിയോഘറിലെ (ജാർഖണ്ഡിലെ) ബൈദ്യനാഥ് ധാം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം (ഉത്തർപ്രദേശ്), കാളിഘട്ട്, കൊൽക്കത്തയിലെ ബേലൂർ മഠം (പശ്ചിമ ബംഗാൾ) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള അതിവേഗ യാത്രാമാർഗം ഇതോടെ യാഥാർഥ്യമാവുകയാണ്.
Discussion about this post