ന്യൂദല്‍ഹി: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ശുചിത്വ കാമ്പയിന്‍ സ്വച്ഛ് ഭാരത് മിഷന് പത്തു വയസ്സ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയം പിന്നീട് സര്‍ക്കാര്‍- പൊതുജന പങ്കാളിത്തതോടെയുള്ള എറ്റവും വലിയ ജനകീയ മുന്നേറ്റമായി മാറി. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ 150 ജന്മവാര്‍ഷികമായ 2019 ഒക്‌ടോബര്‍ രണ്ടോടെ വൃത്തിയുള്ള ഭാരതം എന്ന ലക്ഷ്യവുമായാണ് 2014 ഒക്‌ടോബര്‍ രണ്ടിന് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്.
ഭാരതം ഒട്ടാകെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം ഇല്ലാ താക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തു ന്നതിനുള്ള എക്കാലത്തെയും വലിയ മുന്നേറ്റമാണ് കാമ്പയിനിലൂടെ കണ്ടത്. ശുചീകരണപ്രവര്‍ത്തനങ്ങളിലുണ്ടായ പുരോഗതിക്കുപുറമെ പദ്ധതി ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനൊന്ന് കോടിയിലധികം ഗാര്‍ഹിക ടോയ്‌ലെറ്റുകളും 2.23ലക്ഷം പൊതു ടോയ്‌ലെറ്റുകളും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കി.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്യ മുക്ത ഗ്രാമങ്ങളായി പ്രഖ്യാപിച്ചു. ശുചീകരണത്തില്‍ രാജ്യവ്യാപകമായുണ്ടായ വന്‍ജനപങ്കാളിത്തത്തിന്റെ ഫലമായി ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ശുചിത്വ പ്രസ്ഥാനമായി ഇതിനെ അടയാളപ്പെടുത്തി. 2014നെ അപേക്ഷിച്ച് 2019-ല്‍ 300,000 വയറിളക്ക മരണങ്ങള്‍ കുറഞ്ഞതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഭൂഗര്‍ഭ’ജലമലിനീകരണം ഗണ്യമായി കുറഞ്ഞു. സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍ പദ്ധതി സഹായിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഏകദേശം 75 ലക്ഷത്തിലധികം ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ചു. ഖര-ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങളും സ്ഥാപിക്കപ്പെട്ടു. വെളിയിട വിസര്‍ ജ്യമുക്ത ഗ്രാമങ്ങളെന്ന പ്രഖ്യാപനം നിലനിര്‍ത്താനും ശ്രമങ്ങള്‍ തുടരുന്നു.
പൊതുജനാരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിന് ഭാരതസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും ദശലക്ഷക്കണക്കിന് പൗരന്മാരുടെയും ശ്രമങ്ങളെ സമന്വയിപ്പിക്കുന്ന മാറ്റത്തിന്റെ വഴികാട്ടിയായി സ്വച്ഛ് ഭാരത് മിഷന്‍ മാറി. അടിസ്ഥാന ശുചിത്വത്തില്‍ നിന്ന് സുസ്ഥിര ശുചിത്വ സമ്പ്രദായങ്ങളിലേക്കുള്ള സമഗ്രമായ സമീപനത്തിലേക്കുള്ള ഈ യാത്ര ഭാരതത്തിന്റെ പൊതുജനാരോഗ്യ പദ്ധതികളുടെ ഒരു സുപ്രധാന മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.
Discussion about this post