ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുമായി ബന്ധപ്പെട്ട ഭാരത-പാക് കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടി. ഇതോടെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്കുള്ള തീര്‍ത്ഥാടനം മുടങ്ങുമെന്ന ഭാരതത്തില്‍ നിന്നുള്ള സിഖ് വിശ്വാസികളുടെ ആശങ്കയ്ക്ക് അവസാനമായി. 2019 ഒക്ടോബര്‍ 24നാണ് പാകിസ്ഥാനിലെ നരോവലിലുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിലേക്ക് ഭാരതീയ തീര്‍ത്ഥാടകര്‍ക്ക് വിസ രഹിത പ്രവേശനത്തിന് സാധുത നല്കി കരാര്‍ ഒപ്പുവച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ആയിരക്കണക്കിന് ഭക്തരാണ് ഈ കാലയളവില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി വഴി തീര്‍ത്ഥാടന സാഫല്യം നേടിയത്. ഗുരുനാനാക് ദേവ് അവസാനകാലം ചെലവഴിച്ച ഗുരുദ്വാര എന്ന നിലയില്‍ കര്‍താര്‍പൂര്‍ സാഹിബ് സിഖുകാര്‍ക്ക് ഏറെ പവിത്രമാണ്.
കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടിയതോടൊപ്പം തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 20 യുഎസ് ഡോളര്‍ സര്‍വീസ് ചാര്‍ജ് ഒഴിവാക്കണമെന്ന് ഭാരതം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ വകവയ്ക്കാതെ, തീര്‍ത്ഥാടകര്‍ക്ക് പാകിസ്ഥാന്‍ ഫീസ് ചുമത്തുന്നത് തുടരുകയാണ്.
Discussion about this post