ധാക്ക: ഹിന്ദുക്കൾക്കും ഇതര ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ പതിനായിരങ്ങൾ അണിഞ്ഞിടുന്ന പടുകൂറ്റൻ റാലി നടന്നു. ഹിന്ദു സമൂഹത്തിനും നേതാക്കൾക്കും എതിരായ ആക്രമങ്ങൾക്കും അവഹേളനങ്ങൾക്കും രാജ്യദ്രോഹ കേസുകൾക്ക് മറുപടിയായാണ് ബംഗാളിലെ തെക്കുകിഴക്കൻ നഗരമായ ചതോഗ്രാമിൽ മുപ്പതിനായിരത്തിലേറെ വരുന്ന ഹിന്ദുക്കൾ സംഘടിച്ച് നിരത്തിലിറങ്ങിയത്. ബംഗ്ലാദേശിലെ വിവിധ കേന്ദ്രങ്ങളിൽ സമാനമായ രീതിയിൽ പ്രതിഷേധ റാലികൾ അരങ്ങേറി.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഒത്താശയോടെ ഹിന്ദു, ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും ഹിന്ദു നേതാക്കൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു റാലി. പോലീസും സൈനികരും റാലിയെ നേരിടാൻ നിലയുറപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മതേതര സർക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക മതമൗലിക വാദികൾ അധികാരത്തിലേറിയതു മുതൽ രാജ്യത്ത് ഹിന്ദുക്കൾക്കെതിരെ തുടർച്ചയായ ആക്രമണങ്ങളാണ് അരങ്ങേറിയതെന്ന് ഹിന്ദു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 4 മുതൽ ഇതുവരെ ഇത്തരത്തില രണ്ടായിരത്തിലേറെ ആക്രമങ്ങളാണ് ഉണ്ടായത്.
മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉദ്യോഗസ്ഥർ അടക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടക്കാല സർക്കാർ തങ്ങളെ വേണ്ടത്ര സംരക്ഷിച്ചിട്ടില്ലെന്നും ഹസീനയെ പുറത്താക്കിയതിനുശേഷം ഇസ്ലാമിസ്റ്റുകൾ നിയമം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും പറയുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ ക്രൂരമായ അക്രമങ്ങളെ യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും അപലപിച്ചിരുന്നു. ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായ ക്രൂരമായ അക്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു എന്ന് ട്രംപ് എക്സില്‍ കുറിച്ചു.
Discussion about this post