കൊച്ചി: പഠന മികവിനായി പുതുവഴികള്‍ തേടുന്ന മഹാത്മാ ഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി കരാര്‍ ഒപ്പുവച്ചു. ജെഎന്‍യു ഡെല്‍ഹി, എന്‍ഐടി കാലിക്കറ്റ്, മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല ഭോപ്പാല്‍ എന്നീ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമായി അക്കാദമിക സഹകരണമുള്ള ‘മാഗ്‌കോം’ മാധ്യമപഠനരംഗത്തെ മികച്ച സ്ഥാപനമായി ഉയരാനുള്ള ശ്രമത്തിലാണു പുതിയ പദ്ധതിക്കു തുടക്കമിട്ടത്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ഷിപ്പ് യാര്‍ഡുമായുള്ള സഹകരണം.
മാധ്യമപഠനരംഗത്തെ നൂതന സജ്ജീകരണങ്ങളോടുകുടിയാണ് കോഴിക്കോടിന്റെ നഗരഹൃദയത്തില്‍ ‘മാഗ്‌കോം’ പ്രവര്‍ത്തിച്ചുവരുന്നത്. സ്മാര്‍ട്ട് ക്ലാസ്മുറികള്‍, വിശാലമായ ലൈബ്രറി, മെച്ചപ്പെട്ട ഓഡിയോ – വിഡിയോ സ്റ്റുഡിയോകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, സെമിനാര്‍ ഹാള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ മാഗ്‌കോമിലുണ്ട്.
ഇപ്പോഴുള്ള കംപ്യൂട്ടര്‍ ലാബ് വിപുലപ്പെടുത്താനായാണ് കോളജ് അധികൃതര്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. മധു എസ്. നായരെ സമീപിച്ചത്. പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളില്‍പ്പെട്ടതും സാമ്പത്തിക പരാധീനതയുള്ളതുമായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിദ്യാഭ്യാസം നല്‍കുകയെന്ന ‘മാഗ്‌കോം’ ദൗത്യത്തിനു പിന്‍തുണയേകാന്‍ ഷിപ്പ് യാര്‍ഡ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദീവസം ഷിപ്പ്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കുന്നതു സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കപ്പെട്ടു. ഷിപ്പ്യാര്‍ഡിനുവേണ്ടി സിഎസ്ആര്‍ ഫണ്ട് വിഭാഗം തലവന്‍ സമ്പത്ത് കുമാര്‍ പി എനും മാഗ്‌കോമിനുവേണ്ടി ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ ശ്രീകുമാറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സിഎസ്ആര്‍ വിഭാഗം മാനേജര്‍മാരായ യൂസഫ് എ.കെ, ശശീന്ദ്രദാസ് പി.എസ് എന്നിവരും കേസരി വാരിക ചീഫ് എഡിറ്ററും മാഗ്‌കോം മെന്ററുമായ ഡോ. എന്‍.ആര്‍ മധു, മാഗ്‌കോം ഡയറക്ടര്‍ എ.കെ അനുരാജ് തുടങ്ങിയവരും സന്നിഹിതരായി.
Discussion about this post