ന്യൂദല്‍ഹി: ആത്മീയതയും ശാസ്ത്രവും തമ്മില്‍ വിരോധമില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമ്പത്തിലും അറിവിലും അഹങ്കരിക്കുന്നവര്‍ക്കല്ല, ശാസ്ത്രത്തിലും ആത്മീയതയിലും വിശ്വാസമുള്ളവര്‍ക്കാണ് നീതി ലഭിക്കുക. വിശ്വാസത്തില്‍ അന്ധതയ്ക്ക് സ്ഥാനമില്ല. കഠിനമായ പരിശ്രമത്തിലൂടെ മനസിലുറയ്ക്കുന്നതാണ് ശ്രദ്ധ അഥവാ വിശ്വാസം, അദ്ദേഹം പറഞ്ഞു. മുകുള്‍ കനിത്കര്‍ രചിച്ച് ഐ വ്യൂ എന്റര്‍പ്രൈസസ് പ്രസിദ്ധീകരിച്ച ബനായേ ജീവന്‍ പ്രണ്‍വാന്‍’ എന്ന പുസ്തകം ദല്‍ഹി സര്‍വകലാശാലാ നോര്‍ത്ത് കാമ്പസില്‍ ചേര്‍ന്ന പരിപാടിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
രണ്ടായിരം വര്‍ഷമായി ലോകം ഈഗോയുടെ പിടിയിലാണ്. ഇന്ദ്രിയങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവ് മാത്രമാണ് ശരിയെന്ന് കരുതിയാണ് ശാസ്ത്രം വന്ന കാലം മുതല്‍ മനുഷ്യന്‍ ജീവിക്കുന്നത്. എന്നാല്‍ ശാസ്ത്രത്തിനും ഒരു പരിധിയുണ്ട്. അതിനപ്പുറം ഒന്നുമില്ലെന്ന വിശ്വാസം തെറ്റാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
പുറത്തേക്ക് നോക്കുന്നതിനൊപ്പം ഉള്ളിലേക്ക് നോക്കാനുള്ള പ്രേരണ സനാതന സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്. ജീവിതത്തിന്റെ സത്യം നമ്മള്‍ അങ്ങനെയാണ് മനസിലാക്കിയത്. ഇത് ശാസ്ത്രത്തിന് എതിരല്ല. അറിയുക എന്നിട്ട് വിശ്വസിക്കുക. ആത്മീയതയിലും ഇത് തന്നെയാണ് രീതി. മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്. ആത്മീയതയുടെ ഉപകരണം മനസാണ്. മനസിന്റെ ഊര്‍ജ്ജം പ്രാണനില്‍ നിന്നാണ്, സര്‍സംഘചാലക് പറഞ്ഞു.
ജീവിതത്തിന്റെ അടിസ്ഥാനം എങ്ങും നിറഞ്ഞിരിക്കുന്ന ദൈവമാണെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ പഞ്ചദസ്‌നം ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിലുള്ളതെല്ലാം ശാസ്ത്രീയമാണെന്ന് പുസ്തകത്തിന്റെ രചയിതാവ് മുകുള്‍ കനിത്കര്‍ പറഞ്ഞു. ദല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ. യോഗേഷ് സിങ് പങ്കെടുത്തു.
Discussion about this post