ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യമൊട്ടാകെ മഹാറാലികള്‍. മതഭേദമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തു. കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മഹാസമ്മേളനങ്ങള്‍ നടന്നു.
ബെംഗളൂരുവില്‍ ഹിന്ദു ഹിത്‌രക്ഷണ്‍ വേദികെ, ചെന്നൈയില്‍ ബംഗ്ലാദേശ് ഹിന്ദു അധികാര്‍ പുനര്‍പ്രാപ്തി സമിതി, കേരളത്തില്‍ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐകൃദാര്‍ഢ്യ സമിതി, മധ്യപ്രദേശില്‍ സകാല്‍ ഹിന്ദു സമാജ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധറാലികള്‍ക്ക് നേതൃത്വം നല്കിയത്.
മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് ബംഗ്ലാദേശിലെ മതമൗലികവാദ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. ജയ്പൂരില്‍ സര്‍വ ഹിന്ദുസമാജിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ പങ്കുചേര്‍ന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസിന്റെ കോലം അവര്‍ കത്തിച്ചു. ബംഗ്ലാദേശിലെ ഹിന്ദുകുടുംബങ്ങളെ സംരക്ഷിക്കണമെന്നും ജനാധിപത്യ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുള്ള നിവേദനം ജയ്പൂര്‍ എസ്ഡിഎമ്മിന് സമര്‍പ്പിച്ചു.
യുപിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകളും അണിനിരന്നു. ആഗ്രയില്‍ നൂറ് കണക്കിന് സ്ത്രീകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ജിഐസി ഗ്രൗണ്ടില്‍ നടന്ന സനാതന്‍ ചേതന മഞ്ച് പരിപാടിയില്‍ ഹിന്ദു ആചാര്യന്മാര്‍ക്കൊപ്പം ഇസ്ലാം, ബൗദ്ധ, സിഖ് പണ്ഡിതരും പങ്കെടുത്തു. ബറേലിയിലും മഥുരയിലും ഗുജറാത്തിലെ സൂററ്റിലും പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു.
സൂററ്റിലെ വനിതാ വിശ്രാമില്‍ നിന്ന് ജില്ലാ കളക്ടറുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. ഹിന്ദു സംന്യാസിമാരെ ജയില്‍ മോചിതരാക്കാന്‍ ഭാരതം ഇടപെടണമെന്ന് സനാതന്‍ ചേതന മഞ്ച് ആവശ്യപ്പെട്ടു. രാജ്യത്ത് എവിടെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്ടാലും അത് അവസാനിപ്പിക്കണം. സൂറത്ത് നഗരത്തിനുള്ളില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
അതിനിടെ ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന പ്രഖ്യാപനവുമായി ത്രിപുരയിലെയും കൊല്‍ക്കത്തയിലെയും ആശുപത്രികള്‍. സിലിഗുരിയില്‍ സ്വകാര്യ ആശുപത്രി നടത്തുന്ന ഡോ. ശേഖര്‍ ബന്ദോപാധ്യായ തന്റെ ക്ലിനിക്കില്‍ ദേശീയ പതാക ഉയര്‍ത്തി. പതാകയെ വന്ദിക്കാത്തവര്‍, പ്രത്യേകിച്ച് ബംഗ്ലാദേശികള്‍, വരേണ്ടതില്ലെന്ന് ബോര്‍ഡ് പതിപ്പിച്ചു.
Discussion about this post