പൂനെ: ആര്‍എസ്എസ് ഘോഷ് വിഭാഗിന്റെ ചരിത്രം ആലേഖനം ചെയ്ത് മോത്തിബാഗില്‍ അഖിലഭാരതീയ ഘോഷ് സംഗ്രഹാലയം സമര്‍പ്പിച്ചു. ശതാബ്ദിയിലേക്കെത്തുന്ന ആര്‍എസ്എസിന്റെ ചരിത്രം എല്ലാവരിലേക്കുമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഘോഷിന്റെ തുടക്കവും വികാസയാത്രയും അടയാളപ്പെടുത്തുന്നത്. ഉചിതമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ അതിന്റെ സമയത്ത് വന്നില്ലെങ്കില്‍ പകരം അനുചിതമായ കാര്യങ്ങളാണ് എത്തുകയെന്ന് സംഗ്രഹാലയം സമര്‍പ്പിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. അച്ചടക്കവും അനുശാസനവും മുഖമുദ്രയാക്കിയ സംഘയാത്രയുടെ ചരിത്രത്തില്‍ ഘോഷിന് പ്രധാന പങ്കുണ്ട്, അത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുക എന്ന പ്രവര്‍ത്തനമാണ് സംഗ്രഹാലയ രൂപീകരണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
അധിനിവേശം കൊണ്ട് ഭാരതത്തിന്റെ വാദന രീതിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തനത് സംഗീതത്തെ മടക്കിക്കൊണ്ടുവന്നതില്‍ സംഘത്തിന്റെ ഘോഷ് വിഭാഗത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഘോഷുമായി ബന്ധപ്പെട്ട വിവിധ വാദ്യോപകരണങ്ങള്‍, ഓരോന്നിനെ സംബന്ധിച്ചും വിശദമായ വിവരങ്ങള്‍, പാഠങ്ങള്‍, പുസ്തകങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി ഈ വിഷയത്തില്‍ പഠനത്തിനും ഗവേഷണത്തിനും ആവശ്യമായതെല്ലാം ഘോഷ് മ്യൂസിയത്തിലുണ്ട്.അഭിലേഖാഗാര്‍ പ്രമുഖ് മൊരേശ്വര്‍ ഗാദ്രെ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. പശ്ചിമ ക്ഷേത്ര ശാരീരിക് പ്രമുഖ് സുനില്‍ ദേശായി, സുഹാസ് ധാരണേ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post