പ്രയാഗ്‌രാജ്: ഒന്നര മാസം മഹാകുംഭമേളയില്‍ രാപകല്‍ സേവനമനുഷ്ഠിച്ച പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളികള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10,000 രൂപ വീതം ബോണസ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സയും പ്രതിമാസ ശമ്പളത്തില്‍ വര്‍ധനയും പ്രഖ്യാപിച്ചു.
നേരത്തേ 8000 മുതല്‍ 11,000 രൂപ വരെയായിരുന്നു ശുചീകരണ തൊഴിലാളികള്‍ക്കു മാസ ശമ്പളം. ഇനി മുതല്‍ ഇവര്‍ക്ക് 16,000 രൂപ ശമ്പളം നല്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ത്രിവേണീ സംഗമത്തില്‍ ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചത്. ഈ ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം പ്രാബല്യത്തിലാകും. ബോണസും ശമ്പള വര്‍ധനയും കൂടാതെ മഹാകുംഭമേളയില്‍ ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുടെ ആനുകൂല്യവും ലഭിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
മഹാകുംഭമേളയില്‍ ഏറ്റവും വലിയ ഏകോപിത ശുചിത്വ പരിപാടി നടത്തിയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേടിയതിനു പിന്നാലെയായിരുന്നു യോഗി സര്‍ക്കാരിന്റെ ഈ തീരുമാനം.
യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ചേര്‍ന്നാണ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ഏറ്റുവാങ്ങിയത്. ഈ ചടങ്ങിനു പിന്നാലെ യോഗിയും ഉപമുഖ്യമന്ത്രിമാരും ചേര്‍ന്നു ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും അവരോടൊപ്പം പ്രത്യേക വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍, സംസ്ഥാന മന്ത്രിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
Discussion about this post