ഇറ്റാനഗർ (അരുണാചൽ പ്രദേശ്) : ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന് നൈഷി ഗോത്ര സമൂഹത്തിൻ്റെ സ്നേഹോഷ്മള സ്വീകരണം. അരുണാചലിലെ സംഘടനാ കാര്യക്രമങ്ങൾക്ക് ശേഷം നഹർലഗുണിൽ , പാച്ചിൻ നദീതീരത്തുള്ള ദോണി പോളോ നെയ്ദാർ നംലോ എന്ന സൂര്യ, ചന്ദ്ര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. . സൂര്യനെയും (ദോണി) ചന്ദ്രനെയും (പോളോ) ആരാധിക്കുന്നതിനായാണ് നൈഷി സമൂഹം ഈ പ്രാർത്ഥനാ കേന്ദ്രം (നംലോ) സമർപ്പിച്ചിരിക്കുന്നത്.ഡോ. മോഹൻ ഭാഗവതിനെ ഭക്തരും നംലോ കമ്മിറ്റിയും ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് സർസംഘചാലക് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു.
ദോണി പോളോ ന്യേദാർ നംലോ നൈഷി ജനതയുടെ ആത്മീയ സ്തംഭമാണെന്ന് സർസംഘചാലക് പറഞ്ഞു. തനിമയുടെയും പ്രബുദ്ധതയുടെയും പ്രകൃത്യൈക്യത്തിൻ്റെയും ദേവതകളാണ് ദോണി പോളോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശിലെ തദ്ദേശീയ സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സാംസ്കാരികവും ധാർമികവുമായ പാരമ്പര്യങ്ങളുടെ ഏകാത്മകതയാണ് ഈ ആരാധനാകേന്ദ്രം വിളംബരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആത്മീയ ഐക്യം വളർത്തിയെടുക്കുന്നതിനൊപ്പം പൂർവ്വികരുടെ പവിത്രമായ ആചാരങ്ങൾ നിലനിർത്തുന്നതിനുള്ള ഈ സമൂഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണ്. സാംസ്കാരിക പൈതൃക സംരക്ഷണത്തെ ആധുനിക പുരോഗതിയുമായി ചേർത്തു നിർത്തേണ്ടത് അനിവാര്യമാണ്. രാഷ്ട്രനിർമ്മാണമെന്ന പൊതു ലക്ഷ്യത്തിലേക്കുള്ള സാമൂഹികമായ ഒത്തൊരുമ ശക്തിപ്പെടുത്തുന്നതിന് ഡോണി പോളോ നൈദാർ നംലോ പോലുള്ള കേന്ദ്രങ്ങളും അനുഷ്ഠാനങ്ങളും അനിവാര്യമാണ്.എല്ലാവർക്കും സമാധാനം, സമൃദ്ധി, ക്ഷേമം എന്നിവയ്ക്കായി ഒരുമിച്ചുള്ള പ്രാർത്ഥനകളുണ്ടാവണം, അദ്ദേഹം പറഞ്ഞു.

Discussion about this post