നാഗര്‍കോവില്‍: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഓരോ പൗരനും അവന്റെ പൗരബോധം ഉപയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബത്തില്‍ ആണെങ്കില്‍ നല്ല സംസ്‌കാര ബോധമുള്ളവരാകണം. സമൂഹത്തില്‍ ആണെങ്കില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം. ഇത് നാം നേടി യെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാഗര്‍കോവിലില്‍ നടന്ന കര്‍മയോഗിനി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈഭവ് പദ്ധതി സ്ത്രീകളുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ വികസനത്തിനുവേണ്ടിയാണ്. സ്വയം ഉന്നമനത്തിനോടൊപ്പം കുടുംബത്തിന്റെയും, അതുവഴി സമൂഹത്തിന്റെയും വികസനം ഇതിലൂടെ ലക്ഷ്യമിടുന്നു. സേവാഭാരതിയുടെ പോഷക സംഘടനയായ വൈഭവ് ശ്രീയുടെ സേവനം ത്യാഗത്തിന്റേതാണ്. വരുംനാളുകളില്‍ സ്വയംസഹായ സംഘങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റം വലുതാണ്. കുടുംബത്തിലും സമൂഹത്തിലും ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാവരുടെയും സ്വപ്‌നം ഭാരതത്തെ വിശ്വഗുരു ആയിക്കാണുക എന്നതാണ്. അത് സാമ്പത്തികവും രാഷ്‌ട്രീയവുമായ പുരോഗതിയിലൂടെ മാത്രമല്ല നേടാന്‍ കഴിയുന്നത്. ഓരോ മനുഷ്യന്റെയും ത്യാഗം, സേവനം, ആത്മീയത എന്നീ ഗുണങ്ങളിലൂടെയാണ് അതു നേടാന്‍ കഴിയുന്നതെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
എന്‍ഐസിഎച്ച്ഇ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ടെസി തോമസ് അധ്യക്ഷയായി. സാമൂഹ്യപ്രവര്‍ത്തക ഡോ. നിര്‍മല അരുള്‍പ്രകാശ്, ഡോ. അരുണ്‍ ആദിത്യനാഥ്, കലാകാരി വിശാലഹരി തുടങ്ങിയവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും സര്‍ഗ പ്രതിഭകളെയും ധീര വനിതകളെയും ആദരിച്ചു.
Discussion about this post