കോട്ട(രാജസ്ഥാന്‍): രാഷ്ട്രതാല്പര്യത്തിന് മാധ്യമങ്ങള്‍ മുന്‍ഗണന നല്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നത് ലോകത്തിന് മുന്നില്‍ നമ്മുടെ സൈന്യത്തിന്റെ ആക്രമണശേഷി പ്രകടമായ നടപടിയാണ്. ഇത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. ഇത്തരം സംഘര്‍ഷ സമയത്ത് ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മാധ്യമങ്ങള്‍ മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസംവാദകേന്ദ്രം ചിത്തോഡ് പ്രാന്ത ഘടകം സംഘടിപ്പിച്ച ദേവര്‍ഷി നാരദജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി ഘട്ടങ്ങളില്‍, എന്ത് കാണിക്കണം, എന്ത് കാണിക്കരുത് എന്നതിനെക്കുറിച്ച് ദൃശ്യമാധ്യമങ്ങള്‍ ഗൗരവമുള്ളവരായിരിക്കണം. ദേശ താല്‍പ്പര്യത്തിന് വിരുദ്ധമായ ഒരു വിവരവും നല്‍കരുത്. സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കരുത്. വാര്‍ത്തകളിലെ വിവരങ്ങള്‍ പരിഷ്‌കരിക്കണം. സമൂഹത്തില്‍ വിദ്വേഷം പടരുന്നത് തടയാന്‍, ശരിയായ വിവരങ്ങള്‍ ഉറപ്പിച്ചതിന് ശേഷം മുന്നോട്ടുപോകണം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.
രാജ്യം ആവേശത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിറവിലാണ്. ഇത് എല്ലാ മേഖലകളിലും രാജ്യത്തെ മുന്നോട്ട് നയിക്കും. സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്കും പ്രധാനമാണ്. ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിന് പാരമ്പര്യവും ആധുനികതയും സമന്വയിക്കണം. പൊതു ഉണര്‍വ് ഉണ്ടാകണമെങ്കില്‍ സമവായം കൂടിയേ തീരൂ. ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നാല്പത് വര്‍ഷം മുമ്പ് വരെ രാജ്യത്ത് ജനകീയ ജാഗരണത്തിന്റെ കാലമായിരുന്നുവെന്ന് ഓര്‍ക്കണം. ഭാരതത്തെ ശക്തമായ ഒരു രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ജനജാഗരണമാണ് ആര്‍എസ്എസ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ മാധ്യമപ്രവര്‍ത്തനം ധാര്‍മ്മികതയില്‍ അധിഷ്ഠിതമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥി ആയ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. പത്രപ്രവര്‍ത്തനം അറിവിലും വിശകലനത്തിലും അധിഷ്ഠിതമാണ്. സമൂഹത്തിന്റെ അവസ്ഥയെയും ദിശയെയും കുറിച്ച് എഴുതിക്കൊണ്ടാണ് നമ്മള്‍ പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നത്. നെഗറ്റീവ് വിവരങ്ങളോടൊപ്പം നല്ല വിവരങ്ങളും പുറത്തുകൊണ്ടുവന്നുകൊണ്ട് നമുക്ക് വാര്‍ത്തകളെ പരിഷ്‌കരിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ. സുബോധ് കുമാര്‍, ശിവ് ജ്യോതി വിദ്യാഭ്യാസ ഗ്രൂപ്പ് ചെയര്‍മാന്‍ മഹേഷ് ഗുപ്ത, കോട്ട വിഭാഗ് പ്രചാര്‍ പ്രമുഖ് ചന്ദ്രശേഖര്‍ സാഹു, വിശ്വസംവാദ കേന്ദ്രം സെക്രട്ടറി പ്രവീണ്‍ കോട്ടിയ എന്നിവര്‍ സംസാരിച്ചു.

Discussion about this post