ബിക്കാനീർ: കേരളത്തിലെ ചിറയിൻകീഴ്, വടകര, മാഹി റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ 18 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 86 ജില്ലകളിലായി പുനർവികസിപ്പിച്ച 103 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ വികസിതമാക്കുന്നതിനായി, രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഒരു വലിയ മഹായജ്ഞം നടക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടയിൽ, രാജ്യത്തെ റോഡുകൾ, റെയിൽവേകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ ആധുനികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗതയിൽ നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റെയിൽ അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, ജല, ഊർജ്ജ മേഖലകൾ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. ഇതോടൊപ്പം, ബിക്കാനീർ-മുംബൈ (ബാന്ദ്ര ടെർമിനസ്) തമ്മിലുള്ള പുതിയ ട്രെയിൻ സർവീസും ഫ്‌ളാഗ് ഓഫ് ചെയ്തു. രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ബീക്കാനീറിൽ എത്തിയത്.
പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി സ്റ്റേഷനുകളുടെ നവീകരണത്തിനായി മൊത്തം 42.08 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ വടകര റെയിൽവേ സ്റ്റേഷനു വേണ്ടി 29.47 കോടി രൂപയും മാഹി സ്റ്റേഷനുവേണ്ടി 12.61 കോടി രൂപയും വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യാത്രക്കാരുടെ തിരക്ക് ഉൾക്കൊള്ളുന്നതിനായി രണ്ട് സ്റ്റേഷനുകളിലെയും ബുക്കിംഗ് ഓഫീസും ടിക്കറ്റിംഗ് ഏരിയകളും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിലെ തിരക്ക് കുറയ്‌ക്കുന്നതിനായി അധിക ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (എടിവിഎമ്മുകൾ) സ്ഥാപിച്ചിട്ടുണ്ട്. യാത്രാനുഭവം മനോഹരമാക്കാനായി പ്രദേശത്തിന്റെ സാംസ്കാരിക സമ്പന്നതയും കലാപരമായ പൈതൃകവും പ്രതിഫലിപ്പിക്കും വിധം സ്റ്റേഷന്റെ ഉൾഭാഗങ്ങൾ പ്രാദേശിക ചുവർചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ആധുനിക രൂപകൽപ്പനയിൽ നവീകരിച്ച സ്റ്റേഷനുകൾ ലോകോത്തര സൗകര്യങ്ങൾ, മെച്ചപ്പെട്ട പ്രവേശനക്ഷമത, മെച്ചപ്പെട്ട യാത്രാ സുഖസൗകര്യങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു.
പ്രതിദിനം 20,000-ത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്ന വടകര റെയിൽവേ സ്റ്റേഷനിൽ നവീകരിച്ച എസി, നോൺ-എസി കാത്തിരിപ്പ് മുറികൾ, മെച്ചപ്പെട്ട റിട്ടയറിംഗ് റൂമുകൾ, ഒരു പുതിയ എസ്കലേറ്റർ, പുനർനിർമ്മിച്ച പ്ലാറ്റ്‌ഫോമുകൾ (1 മുതൽ 3 വരെ), പോർച്ച് മുതൽ സ്റ്റേഷൻ വരെയുള്ള പുതിയ വാക് വേ, വിപുലീകരിച്ച ബുക്കിംഗ് ഏരിയകൾ, ലാൻഡ്‌സ്‌കേപ്പ് ചെയ്ത ചുറ്റുപാടുകൾ, UPVC വിൻഡോകൾ, ചുവർചിത്രങ്ങൾ, വെർട്ടിക്കൽ ഗാർഡൻ, നവീകരിച്ച ടോയ്‌ലറ്റുകൾ, സെപ്റ്റിക് ടാങ്കുകൾ, മെച്ചപ്പെട്ട പാർക്കിംഗ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗത വാസ്തു സൗന്ദര്യശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മിതി.
തിരുവനന്തപുരം ഡിവിഷനിലുള്ള ചിറയിൻകീഴ്, കുഴിത്തുറൈ (തമിഴ്നാട്) സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നവീകരിച്ചു. 7.036 കോടി രൂപ ചെലവിൽ നവീകരിച്ച ചിറയിൻകീഴ് സ്റ്റേഷനിൽ മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ, ഷെൽട്ടറുകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം ഡിസ്പ്ലേകൾ, ദിവ്യാംജൻ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു. മികച്ച യാത്രാ അന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിൽ സൗന്ദര്യാത്മക കമാനമാണ് ചിറയിൻകീഴിൽ നിർമ്മിച്ചിട്ടുള്ളത്.
Discussion about this post