കൊല്ലം: ശബരിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്ന് ഷോക്കേറ്റ് തെലങ്കാന സ്വദേശി ഭാരതമ്മ മരിക്കാനിടയായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും മരിച്ച ഭക്തയുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ ദേവസ്വം ബോർഡ് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ തീർത്ഥാടനകാലത്ത് വടശ്ശേരിക്കരയിലും വൈദ്യുത ആഘാതമേറ്റ് ഒരു തീർത്ഥാടകൻ മരിച്ചിരുന്നു. ശബരിമലയിൽ ഭക്തർക്ക് സുരക്ഷിതമായ തീർത്ഥാടന സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം – സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതായി വത്സൻ തില്ലങ്കേരി ആരോപിച്ചു. ശബരിമലയിൽ അപകടത്തിൽപ്പെട്ടവർക്കും മറ്റും നാളിതുവരെ എത്ര ഇൻഷുറൻസ് തുക നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡും ഇൻഷുറൻസ് കമ്പനിയും വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post