ന്യൂദല്‍ഹി: ഗോത്രജനതയുടെ ജീവിത മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ സമൃദ്ധമായ ഒരു രാഷ്ട്രവും ഐക്യമുള്ള സമൂഹവും കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍. പശ്ചിമ ദല്‍ഹി റാണിബാഗ് ആര്യസമാജ ക്ഷേത്രംസത്സംഗ് ഭവനില്‍ ദയാനന്ദ് സേവാശ്രമം സംഘടിപ്പിച്ച 42-ാമത് വൈചാരിക് ക്രാന്തി ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനാല് വര്‍ഷത്തെ വനജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീരാമന്‍ ഭഗവാന്‍ ശ്രീരാമനായത്. പതിമൂന്ന് വര്‍ഷത്തെ വനവാസത്തിനും ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിനും ശേഷമാണ് പാണ്ഡവര്‍ക്ക് മഹാഭാരതം ജയിക്കാന്‍ കഴിഞ്ഞത്. വനമേഖലയില്‍ ജീവിച്ചിരുന്ന ഗോത്ര സമൂഹത്തിന്റെ സമ്പന്നമായ പുരാതന പാരമ്പര്യങ്ങള്‍ രാജ്യത്തിന് നല്കിയ യശസ് വലുതാണ്. ഭഗവാന്‍ ബിര്‍സ മുണ്ട, സിദ്ധു-കന്‍ഹു, താന്തിയ ഭില്‍, ഭീമ നായക്, റാണി ഗൈഡിന്‍ലിയു, ലക്ഷ്മണ്‍ നായക് തുടങ്ങി നിരവധി ധീരന്മാരെയും വീരവനിതകളെയും പണ്ഡിതരെയും മഹത്തുക്കളെയും ഗോത്രസമൂഹം രാഷ്ട്രത്തിന് നല്കി. ഈ പാരമ്പര്യത്തില്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആസാം, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്ര, പര്‍വത, വനമേഖലകളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികളാണ് വൈചാരിക് ക്രാന്തി ശിബിരത്തില്‍ പങ്കെടുക്കുന്നത്. സ്വാമി സച്ചിദാനന്ദ, ദര്‍ശനാചാര്യ വിമലേഷ് ആര്യ, ആചാര്യ ജീവവര്‍ദ്ധന്‍, സ്വാമി വിശ്വാമിത്ര തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
Discussion about this post