ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍ സജ്ജരാകുന്നു. തെരഞ്ഞെടുത്ത ഗ്രാമീണര്‍ക്ക് അതിര്‍ത്തി സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്നാണ് പരിശീലനം നല്കുന്നത്. ഭീകരത, നുഴഞ്ഞുകയറ്റം, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിടുന്നതിന് ഗ്രാമീണരുടെ പ്രതികരണ ശേഷി ശക്തിപ്പെടുത്തുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇന്‍സാസ്, എസ്എല്‍ആര്‍ തുടങ്ങിയ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനും ഇവരെ പരിശീലിപ്പിക്കുന്നു. ഇതോടൊപ്പം, അതിര്‍ത്തി നിരീക്ഷണത്തിലും വിവരസാങ്കേതിക മേഖലയിലും പരിശീലനവും നല്കുന്നു.
സുരക്ഷാ സേനയുടെ പിന്തുണാ ശൃംഖല സൃഷ്ടിക്കുകയും അതിര്‍ത്തി ഗ്രാമവാസികളില്‍ ആത്മവിശ്വാസവും സുരക്ഷാബോധവും വളര്‍ത്തുകയും ചെയ്യുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. സാംബയിലെ രാംഗഡിലാണ് പരിശീലന കേന്ദ്രം.
സംസ്ഥാനത്തെ 200 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പ്രതിരോധത്തിനുള്ള മൂന്നാമത്തെ വളയം അതിര്‍ത്തി നിവാസികളുടേതാണെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post