ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ കാലാപത്തിന് വിദേശഫണ്ട്. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ അലുമ്‌നി അസോസിയേഷന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിച്ചിരുന്നതായി ഡല്‍ഹി പോലീസ് കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത ജാമിയ മിലിയ അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഷിഫ ഉര്‍ റഹ്മാനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ സമര്‍പ്പിച്ചപ്പോളാണ് വിദേശ ഫണ്ടിന്റെ കാര്യം കോടതിയില്‍ ബോധിപ്പിച്ചത്.
ഡല്‍ഹിയില്‍ മതവികാരം ആളിക്കത്തിക്കുവാന്‍ ശ്രമിച്ച ഫിഫ ഉര്‍ റഹ്മാന് ഗള്‍ഫ് രാജ്യങ്ങളിലുള്ള അലുമ്‌നി അസോസിയേഷന്‍ അംഗങ്ങളാണ് ഫണ്ട് എത്തിച്ചു നല്‍കിയതെന്ന് പോലീസ് പറയുന്നു. ഷിഫ ഉര്‍ റഹ്മാന്‍ ഡല്‍ഹിയില്‍ കലാപം ഉണ്ടാക്കുന്നതിനായി വന്‍തോതില്‍ പൈസ ചിലവാക്കിയിട്ടുള്ളതിന് തെളിവുണ്ടെന്നും പോലീസ് അറിയിച്ചു. സിഎഎ കലാപവുമായി ബന്ധപ്പെട്ട് ഇസ്രത് ജഹാന്‍, ഖാലിദ് സെയ്ഫി, മീരാന്‍ ഹൈദര്‍, സഫോര സര്‍ഗാര്‍, ഗുല്‍ഫിസ, താഹില്‍ ഹുസൈന്‍, മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തുടങ്ങിയവരെ ചോദ്യം ചെയ്തപ്പോഴാണ് കലാപത്തില്‍ ഷിഫ ഉര്‍ റഹ്മാന്റെ പങ്ക് വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്.
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ റഹ്മാന്‍ വളരെ ഉത്സാഹത്തോടുകൂടി രംഗത്തുണ്ടായിരുന്നു. മാത്രമല്ല ഫെബ്രുവരി അവസാനം ജാമിയ നഗര്‍, ഷഹീന്‍ബാഗ്, സീലംപുര്‍, ഇന്ദര്‍ലോക് തുടങ്ങിയ ഇടങ്ങളില്‍ ഇയാള്‍ നടത്തിയ പ്രസംഗങ്ങള്‍ വര്‍ഗീയ കലാപത്തിനുള്ള ആഹ്വാനം പോലെയായിരുന്നു എന്നും പോലീസ് തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ റഹ്മാന്‍ ചോദ്യം ചെയ്യുമ്പോള്‍ സഹകരിക്കാതിരുന്നതിനാലാണ് അറസ്റ്റ് ചെയ്യേണ്ടി വന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദിച്ചതെല്ലാം ഇയാള്‍ നിരാകരിക്കുകയായിരുന്നു ചെയ്തത്.
Discussion about this post