ന്യൂദൽഹി: സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ അടിയന്തരാവസ്ഥയുടെ സമയത്ത്, അധികാരത്തിൻ്റെ ബലത്തിൽ കൂട്ടിച്ചേർത്തവയാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഡോ. അംബേദ്കർ രൂപകല്പന ചെയ്ത ഭരണഘടനയിൽ ഈ വാക്കുകൾ ഉണ്ടായിരുന്നില്ല. ആമുഖത്തിൽ ഈ വാക്കുകൾ തുടരണോ എന്ന് ആലോചിക്കണം. ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് അടിയന്തരാവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഭരണഘടനയെയും ജനാധിപത്യത്തെയും അടിച്ചമർത്തിയ വർ ഇന്നുവരെ ക്ഷമാപണം നടത്തിയിട്ടില്ല. അവർ അത് ഏറ്റെടുത്ത് സ്വയം ചെയ്തില്ലെങ്കിൽ, പൂർവികരുടെ പേരിൽ ക്ഷമാപണം നടത്തണമെന്ന് സർകാര്യവാഹ് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഹിന്ദുസ്ഥാൻ സമാചാറും അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററും സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ വെറും അധികാര ദുർവിനിയോഗമല്ല, മറിച്ച് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമായിരുന്നു. അക്കാലത്ത് എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു, ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു, നിരവധി ജീവിതങ്ങൾ എന്നെന്നേക്കുമായി തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയെ എതിർക്കുന്നതിൽ ആർ എസ് എസും അതുയർത്തിയ ആശയങ്ങളും വലിയ പങ്കുവഹിച്ചുവെന്ന് പരിപാടിയിൽ സംസാരിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരുടെ ത്യാഗം മൂലമാണ് ജനാധിപത്യം സംരക്ഷിക്കപ്പെട്ടത്. അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ഭരണഘടനയുടെ ആത്മാവിനെത്തന്നെ തകർക്കാൻ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളിലും പാർലമെന്റിലും ജുഡീഷ്യറിയിലും സമ്മർദ്ദം ചെലുത്തിയാണ് അവരത് നടപ്പാക്കിയത്. ജനങ്ങൾക്ക് സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ കഴിയാത്തവിധം ഭയത്തിന്റെ അന്തരീക്ഷമാണ് അന്നത്തെ ഭരണകൂടം സൃഷ്ടിച്ചത്. ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താൻ എല്ലാ തലങ്ങളിലും ശ്രമങ്ങൾ നടന്നു. ഇന്നത്തെ തലമുറയെ ആ കാലഘട്ടത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് ആവശ്യമാണെന്ന് ഗഡ്കരി പറഞ്ഞു.
ഇന്ദിരാഗാന്ധി കലാ കേന്ദ്ര പ്രസിഡന്റും ഹിന്ദുസ്ഥാൻ സമാചാർ എഡിറ്ററുമായ റാം ബഹാദൂർ റായ്, മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല , ഹിന്ദുസ്ഥാൻ സമാചാർ പ്രസിഡന്റ് അരവിന്ദ് മാർദികർ, രാഷ്ട്രീയ സ്വാഭിമാൻ ആന്ദോളൻ സ്ഥാപക പ്രസിഡൻ്റ് കെ.എൻ. ഗോവിന്ദാചാര്യ എന്നിവരും പങ്കെടുത്തു. ഐജിഎൻസിഎ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ് ജോഷി സ്വാഗതവും ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്റർ ഡയറക്ടർ ആകാശ് പാട്ടീൽ നന്ദിയും പറഞ്ഞു







Discussion about this post