തിരുവനന്തപുരം: ഭാരതത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് ഒരു സമഗ്ര കേന്ദ്രനിയമം നിര്‍മിച്ച് നടപ്പിലാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രമേയം. 60ാം വാര്‍ഷിക നേതൃത്വ സമ്മേളനത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമം നിര്‍മിക്കണമെന്ന് രാഷ്‌ട്രപതിയോടും പ്രധാനമന്ത്രിയോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ നിന്ന് ദുര്‍ബലരായ വ്യക്തികളെ സംരക്ഷിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം, വഞ്ചന, പ്രലോഭനം, പ്രീണനം എന്നിവ ഉള്‍പ്പെടെ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യക്തമായി നിര്‍വചിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തണം.
സുതാര്യത ഉറപ്പാക്കാന്‍ സ്വമേധയാ ഉള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് ഒരു അറിയിപ്പ് കാലയളവ് നിര്‍ബന്ധമാക്കണം. സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം.
പന്ത്രണ്ട് സംസ്ഥാനങ്ങള്‍ നിബന്ധിത മതപരിവര്‍ത്തന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കേന്ദ്രനിയമം നാളിതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. അതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പല സംസ്ഥാനങ്ങളിലും വ്യാപകമായി തുടര്‍ന്നുവരികയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മനസാക്ഷി സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉറപ്പും നല്‍കുന്നുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് ഈ അവകാശം ബാധകമല്ലെന്ന് സുപ്രീം കോടതി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകതയും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ഭരണഘടനാ സാധുതയും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post