കൊച്ചി: പമ്പയില്‍ അയ്യപ്പ ഭക്ത സംഗമം നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തട്ടിപ്പിന് കളമൊരുങ്ങുന്നതിന്റെ സൂചനയാണെന്ന് വിഎച്ച്പി.
അയ്യപ്പ ഭക്തനാണെന്ന് പരസ്യമായി പറയാനും കെട്ടുമുറുക്കി പതിനെട്ടാംപടി വഴി ദര്‍ശനം നടത്താനും തയാറാകാത്ത മന്ത്രിക്ക് അയ്യപ്പ ഭക്തന്‍ എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ എന്നിവര്‍ പറഞ്ഞു.
യാതൊരു പരസ്യവും പ്രചാരണ പരിപാടികളും ഇല്ലാതെ തന്നെ ലോകത്തെമ്പാടുമുള്ള സനാതന വിശ്വാസികള്‍ മനസിലേറ്റിയ അയ്യപ്പസ്വാമിയെ വീണ്ടും പരിചയപ്പെടുത്താന്‍ വേണ്ടി ഇപ്പോള്‍ സംഗമവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ദേവസ്വം മന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനം സംശയാസ്പദമാണ്. ഒരു മതത്തിനോടും വിശ്വാസത്തോടും പ്രീണനം കാണിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ നിഗൂഢ നീക്കത്തിന്റെ കാരണം സാധാരണ ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്.
ശബരിമല ആചാര സംരക്ഷണത്തെ തകര്‍ക്കാനും യുവതികളെ ഇരുട്ടിന്റെ മറവില്‍ പോലീസ് സഹായത്തോടെ പതിനെട്ടാംപടി കയറ്റി വിപ്ലവത്തിനും ഇറങ്ങിയ ഇടതു നേതാക്കന്മാര്‍ക്കും മന്ത്രിക്കും ഇപ്പോള്‍ തോന്നിയ അയ്യപ്പസ്വാമി സ്നേഹം ആട്ടിന്‍തോലിട്ട ചെന്നായകള്‍ക്ക് തുല്യമാണ്. ശബരിമല സംരക്ഷണ പരിപാടികളില്‍ പങ്കെടുത്തു എന്ന് ഒറ്റക്കാരണത്താല്‍ കേസുകളില്‍ പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരുടെ പേരിലുള്ള കള്ള കേസുകള്‍ പിന്‍വലിച്ച് അവരോട് പൊതുവായി മാപ്പ് പറയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സംഗമം നടത്തേണ്ടത്.
അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെയും പമ്പയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിവന്നിരുന്ന സേവന പരിപാടികള്‍ നിരോധിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ കാര്യങ്ങള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത്. അയ്യപ്പഭക്ത സംഗമം നടത്തുന്നതിന്റെ മറവില്‍ യുവതികളെ ശബരിമലയിലേക്ക് എത്തിക്കാനും, ഹെലികോപ്ടര്‍ സര്‍വീസ്, റോപ്‌വേ തുടങ്ങിയ സാമ്പത്തിക താല്‍പ്പര്യ ശ്രമങ്ങളും ചില കേന്ദ്രങ്ങളില്‍ ആലോചിക്കുന്നതായി സൂചനകളുണ്ട്.
ഹൈന്ദവ സംഘടനകളെയും ശബരിമലയുമായി ബന്ധപ്പെട്ട കുടുംബങ്ങളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും വിശ്വാസത്തില്‍ എടുക്കാതെ മന്ത്രി എടുത്ത തീരുമാനം ദേവസ്വം ബോര്‍ഡ് കൂടി അറിഞ്ഞ് എടുത്ത തീരുമാനമാണോ എന്ന് വ്യക്തമാക്കണം. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നിഗൂഢതതന്ത്രങ്ങളില്‍ വീഴാതെ ഹൈന്ദവ സമൂഹവും അയ്യപ്പ ഭക്തന്മാരും ജാഗരൂകരാകണമെന്നും ഇരുവരും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post