കൊച്ചി: ദേശീയതയും രാജ്യസ്‌നേഹവുമാണ് എല്ലാറ്റിനും മുകളിലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ദേശീയതയും രാജ്യസ്‌നേഹവും നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ പഹല്‍ഗാമുകളുണ്ടാകില്ല. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദ വിദ്യാഭ്യാസത്തിനു ശേഷം എല്ലാവര്‍ക്കും സൈനിക പരിശീലനം നല്‍കണം. സമൂഹത്തില്‍ അച്ചടക്കവും ദേശസ്‌നേഹവും സൃഷ്ടിക്കാന്‍ ഇത് അനിവാര്യമാണ്. സൈനിക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശനം നല്‍കാവൂ. എങ്കില്‍ എല്ലാ ജനങ്ങളിലും ദേശീയ വികാരം ഉണ്ടാകും. ദേശീയ ബോധം വളര്‍ന്നാല്‍ ഒരു ശക്തിക്കും നമ്മളെ ആക്രമിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ പഹല്‍ഗാം ഒരിക്കലും ആവര്‍ത്തിക്കില്ല.
ആദിശങ്കരന്‍ ആയിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ചത് ഇന്നും പ്രസക്തമാണ്. രാജ്യത്തെ ജനങ്ങള്‍ ഒന്നാകണമെന്നാണ് ആദിശങ്കരന്‍ പഠിപ്പിച്ചത്. എല്ലാവരും ഒരു പോലെ ഭാരത മാതാവിന്റെ പാദങ്ങളില്‍ വണങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് രാജ്യ സ്‌നേഹം നമ്മള്‍ പ്രകടിപ്പികേണ്ടത്. ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ യുവാക്കളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലടിയില്‍ നിന്നും രാജ്യം മുഴുവന്‍ സഞ്ചരിച്ച ശങ്കരന്‍ ബിഹാറിലെ മഹഷിയില്‍ വച്ചാണ് മണ്ഡലമിശ്രനുമായിട്ട് സംവാദത്തില്‍ ഏര്‍പ്പെട്ടതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് ചീഫ് കമ്മിഷണര്‍ എം. അബ്ദുള്‍ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിബിഎസ്ഇ റീജിയണല്‍ ചീഫ് ഓഫീസര്‍ രാജിബ് ബറുവ, ശ്രീശാരദ സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് സെക്രട്ടറി എം. ജവഹര്‍, നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിഷണര്‍ കെ.എസ്. ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ വളപ്പിലെ ശ്രീശങ്കരാചാര്യ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്ത്.
Discussion about this post