ഇംഫാല്‍(മണിപ്പൂര്‍): ഓപ്പറേഷന്‍ സിന്ദൂറിലെ വീരനായകരിലൊരാളായ വീരചക്ര സ്‌ക്വാഡ്രണ്‍ ലീഡര്‍ റിസ്വാന്‍ മാലിക്കിന് ആര്‍എസ്എസിന്റെ ആദരം. ഇംഫാല്‍ ഈസ്റ്റിലെ കെയ്ഖു ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആര്‍എസ്എസ് ആസാം ക്ഷേത്ര കാര്യവാഹ് രജെന്‍ സിങ്, പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി എന്നിവര്‍ ആദരിച്ചത്. റിസ്വാന്റെ അച്ഛന്‍ ഹാഫിസുദ്ദീന്‍ മാലിക്, കുടുംബാംഗങ്ങള്‍ തുടങ്ങിയവരുമായി അവര്‍ സംസാരിച്ചു. എല്ലാ ആദരവും സൈന്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിനുള്ളതാണെന്ന് സ്‌ക്വാഡ്രണ്‍ ലീഡര്‍ റിസ്വാന്‍ മാലിക് പറഞ്ഞു. ഇത് ടീം വര്‍ക്കാണ്. സംഘര്‍ഷങ്ങള്‍ക്കിടയിലും ഭാരതം ആദരവിന്റെ മഹത്വം കാത്തുസൂക്ഷിച്ചുവെന്ന് റിസ്വാന്‍ മാലിക് പറഞ്ഞു.
അസാധാരണമായ ധീരതയാണ് റിസ്വാന്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രകടിപ്പിച്ചതെന്ന് സുനില്‍ മൊഹന്തി പറഞ്ഞു. വ്യക്തിഗതമായ സുരക്ഷയല്ല രാജ്യത്തോടുള്ള കടമയാണ് റിസ്വാനെപ്പോലെയുള്ള ധീര സൈനികരെ നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) ഇന്റലിജന്‍സ് വകുപ്പിന്റെ തലവനായി സേവനമനുഷ്ഠിച്ച കേണല്‍ ഷൗക്കത്ത് അലി മാലിക്കിന്റെ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു.
കെയ്ഖു ഗ്രാമം ദേശസ്‌നേഹത്തിന്റെയും ധീരതയുടെയും വിളനിലമാണ്. ഖോങ്ജോം യുദ്ധത്തില്‍ പോരാടിയ നിയാമത്തുള്ളയുടെ ഗ്രാമമാണിത്. റിസ്വാന്‍ ആ പരമ്പരയുടെ തുടര്‍ച്ചയാണെന്ന് സുനില്‍ മൊഹന്തി പറഞ്ഞു.
ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യവാഹ് ഷിജഗുരുമയും തരുണ്‍കുമാര്‍ ശര്‍മ്മ, സഹകാര്യവാഹ് താവോറെം ദിനേശോര്‍ സിങ്, പ്രാന്ത പ്രചാരക് മൃത്യുഞ്ജയ്, സഹ പ്രചാരക് ബിനന്ദ ഖുന്ദ്രക്പം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Discussion about this post