സത്‌ന(മധ്യപ്രദേശ്): ഭാരതമാകെ ഒറ്റ വീടാണെന്നും മറ്റ് ചിലര്‍ കൈവശപ്പെടുത്തിയ മുറികള്‍ നാളെ വീണ്ടും ഈ വീടിന്റെ ഭാഗമായിത്തീരുമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സത്‌നയില്‍ സിന്ധി ക്യാമ്പില്‍ നിര്‍മിച്ച ബാബ മെഹര്‍ ഷാ ദര്‍ബാറിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പങ്കെടുത്ത സിന്ധി സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വിഭജനത്തെക്കുറിച്ച് സംസാരിച്ചത്.
‘നിരവധി സിന്ധി സഹോദരര്‍ ഇവിടെ ഇരിക്കുന്നുണ്ട്. നമ്മളെല്ലാം ഒരു ഭാരതത്തിന്റെ മക്കളാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിലും നിങ്ങളെല്ലാം ഈ മണ്ണിലുറച്ചുനിന്നു. നമ്മുടേത് ഒരു വീടാണ്. അതിലൊരു മുറി മറ്റ് ചിലര്‍ കൈവശപ്പെടുത്തി. എന്നാല്‍ അവിടെയുള്ളത് നമ്മുടെ തന്നെ സ്വത്താണ്. അത് നമ്മിലേക്കുതന്നെ എത്തിച്ചേരും, മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മളെല്ലാവരും സനാതന ഹിന്ദുക്കളാണ്. ബ്രിട്ടീഷുകാരന്‍ ഭിന്നതയുടെ കണ്ണാടി കാട്ടിയാണ് നമ്മെ വിഭജിച്ചത്. ഛിന്നഭിന്നമായ കണ്ണാടിയില്‍ മുഖം നോക്കിയാല്‍, മുഖവും ചിതറിയതായി കാണപ്പെടും. ഏകാത്മകതയുടെ കണ്ണാടിയിലൂടെ നമ്മള്‍ നമ്മുടെ ഒരുമയെ വീണ്ടെടുക്കണം. മഹത്തായ ആത്മീയ പാരമ്പര്യത്തിന്റെ കണ്ണാടിയില്‍ നമുക്ക് അത് കാണാനാകും.
സംന്യാസിമാര്‍ സദ്ഗുണങ്ങള്‍ കാണുകയും സദ്വൃത്തനെ മഹാമേരുവാക്കുകയും ചെയ്യും. ഗുരുവില്ലാതെ അറിവുണ്ടാകില്ല. സുഖം തേടിയാണ് ആളുകള്‍ ഭൗതികതയുടെ പിന്നാലെ പായുന്നത്. ലോകത്താകെ അക്രമം നടത്തി സമ്പത്തും ആഡംബരവും സ്വന്തമാക്കിയ അലക്‌സാണ്ടര്‍ മരണസമയത്ത് താന്‍ വെറുംകൈയോടെ പോകുന്നു എന്ന് വിലപിച്ചു. ഹിന്ദുത്വം പക്ഷേ സ്വാര്‍ത്ഥത്തിന് മേല്‍ മോക്ഷത്തെ പ്രതിഷ്ഠിച്ചു. ആനന്ദം അവനവന്റെ ഉള്ളിലാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിച്ചു. അഹങ്കാരത്തിനും സ്വാര്‍ത്ഥതയ്ക്കും മേലുള്ള വിജയത്തിന്റെ സാക്ഷാത്കാരമാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്. ഈ ആത്മീയതയാണ് ഭാരതത്തിന്റെ ശക്തി. യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ് നമ്മുടെ ആചാര്യന്മാര്‍ ഉദ്‌ഘോഷിച്ചത്. വൈവിധ്യത്തില്‍ ഏകത്വം രാഷ്ട്രത്തിന് അലങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല, മന്ത്രി പ്രതിമ ബാഗ്രി, എംപി ഗണേഷ് സിങ്, ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി, സത്‌ന മേയര്‍ യോഗേഷ് തമ്രാക്കര്‍, സംന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Discussion about this post