അമരാവതി(മഹാരാഷ്ട്ര): ആദര്‍ശങ്ങളിലൂന്നി വടവൃക്ഷമായി വളര്‍ന്ന ശാഖകളാണ് സംഘത്തിന്റെ കരുത്തെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. ഇത് ഒരു ജൈവ പ്രതിഭാസമാണ്. ഹിന്ദുരാഷ്ട്രമെന്നത് ലക്ഷ്യമല്ല യാഥാര്‍ത്ഥ്യമാണ്. ഇത് ഇന്നലെ ഹിന്ദുരാഷ്ട്രമാണ്. ഇന്ന് ഹിന്ദുരാഷ്ട്രമാണ്. എന്നും ഹിന്ദുരാഷ്ട്രമായി നിലനില്‍ക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു. നരസമ്മ കോളജ് കാമ്പസില്‍ അമരാവതി മഹാനഗര്‍ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.

ഭാഷ, പ്രദേശം, ജാതി എന്നിവയുടെ പേരില്‍ ഭിന്നിച്ചുനിന്ന സമൂഹമാണ് ഭാരതത്തിന്റെ അധപ്പതനത്തിന് കാരണമെന്ന കണ്ടെത്തിലില്‍ നിന്നാണ് ഒരുമയുടെ ദര്‍ശനത്തിന് ഡോ. ഹെഡ്‌ഗേവാര്‍ സംഘരൂപം നല്കിയത്. വ്യക്തിനിര്‍മാണമായിരുന്നു അതിന്റെ കാതല്‍. ഇനി ഒരൊറ്റ ദേവത, ഭാരതമാതാവ് മാത്രം എന്ന ആഹ്വാനം സ്വാമി വിവേകാനന്ദന്‍ മുഴക്കിയ കാലമായിരുന്നു അതെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
സംഘശാഖ ശക്തിയുടെ കേന്ദ്രമാണ്. അത് ഏത് പ്രതിസന്ധിയിലും മുടങ്ങാതെ തുടര്‍ന്നു. അത് മറ്റൊന്നും ചെയ്തില്ല. കുറവുകള്‍ അനുഭവപ്പെട്ട മേഖലകളില്‍ സ്വയംസേവകര്‍ സ്വമേധയാ പ്രവര്‍ത്തിക്കാന്‍ തുടങ്ങി, വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, വനവാസി കല്യാണ്‍ ആശ്രമം തുടങ്ങിയ വിവിധ സംഘടനകള്‍ അങ്ങനെ ഉയര്‍ന്നുവന്നു. സമര്‍പ്പണവും നിസ്വാര്‍ത്ഥ സേവനവുമാണ് ഈ സംഘവിജയത്തിന്റെ താക്കോലെന്ന് നന്ദകുമാര്‍ പറഞ്ഞു.
വിഭാഗ് സംഘചാലക് ചന്ദ്രശേഖര്‍ ഭോണ്ടു, മഹാനഗര്‍ സംഘചാലക് ഉല്ലാസ് ബപോരിക്കര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post