ലഖ്‌നൗ: ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന നല്‍കണമെന്ന് ജാമിയത്ത് ഹിമായത്തുല്‍ ഇസ്ലാം. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഘടനയുടെ പ്രസിഡന്റ് അബ്രാര്‍ ജമാല്‍ കത്ത് അയച്ചു. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന രാഷ്ട്രനിര്‍മ്മാണത്തിനും സാമൂഹിക ഏകതയ്ക്കും സമാനതകളില്ലാത്ത സംഭാവന നല്കിയ ഡോ. ഹെഡ്ഗേവാര്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രേരണയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സഹാറന്‍പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സാമൂഹിക സംഘടനയായ ജാമിയത്ത് ഹിമായത്തുല്‍ ഇസ്ലാം ലെറ്റര്‍ഹെഡില്‍ പുറത്തിറക്കിയ കത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഡോ. ഹെഡ്‌ഗേവാറിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ ഐക്യം, അച്ചടക്കം, ദേശസ്നേഹം എന്നിവയുടെ ആത്മാവിനെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന് ഭാരത് രത്‌ന നല്കണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കണം. അത്തരമൊരു മഹത്തായ വ്യക്തിത്വം ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതിക്ക് അര്‍ഹനാണെന്ന് ജാമിയത്ത് ഹിമായത്തുല്‍ ഇസ്ലാം കരുതുന്നു. ഡോ. ഹെഡ്‌ഗേവാറിന് ഭാരത് രത്‌ന നല്കുന്നത് രാജ്യത്തെ പുതിയ തലമുറയ്ക്ക് മാതൃകയാകും. അത് അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുക മാത്രമല്ല, ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അബ്രാര്‍ പറഞ്ഞു.


Discussion about this post