കണ്ണൂര്‍: ആത്മീയതയുടെ ശംഖനാദം മുഴക്കി കേരള മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്‌കാരത്തനിമയെ വീണ്ടെടുക്കാന്‍ സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശ യാത്രയ്‌ക്ക് തറികളുടെയും തിറകളുടെയും നാടായ കണ്ണൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്. ഇന്നലെ രാവിലെ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന നേതൃസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംന്യാസി ശ്രേഷ്ഠന്മാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. നായാട്ടുപാറ ചൈതന്യപുരിയിലെ സ്വാമി ആത്മചൈതന്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയീ മഠം വയനാട് മഠാധിപതി സ്വാമി വേദാമൃതാനന്ദപുരി ആമുഖഭാഷണം നടത്തി. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.
നാം ആത്മവിസ്മൃതിയിലമര്‍ന്നപ്പോഴാണ് നമ്മുടെ സംസ്‌കാരത്തിനും ആത്മീയതയ്‌ക്കും നേരെ കടന്നുകയറ്റമുണ്ടായതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഏറെ സാംസ്‌കാരിക പൊലിമയുണ്ടായിരുന്ന നമ്മുടെ നാട്ടില്‍ അതിനെതിരെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. അനേകം ആചാരങ്ങളും ദുരാചാരങ്ങളും വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. പകരം വെക്കാനില്ലാത്ത നഷ്ടമാണ് നമുക്കുണ്ടായത്. അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ ആദ്ധ്യാത്മികതയിലേക്കുള്ള തിരിച്ച്‌പോക്ക് ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.
സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), സ്വാമി പ്രജ്ഞാനാനന്ദ (തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍), സ്വാമി കൃഷ്ണാനന്ദ ഭാരതി, സ്വാമി അമൃതകൃപാനന്ദപുരി (മാതാ അമൃതാനന്ദമയീ മഠം, കണ്ണൂര്‍ മഠാധിപതി), സ്വാമി രാമേശ്വരാനന്ദ (തുളസീവനം, മാഹി), സ്വാമി തത്വമയാനന്ദ സരസ്വതി (ചിന്മയാ മിഷന്‍), സ്വാമി ശിവാനന്ദ (ശിവശക്തി മഠം), സ്വാമി രാമാനന്ദ സരസ്വതി, സാധു വിനോദ് (അവധൂതാശ്രമം), സ്വാമി ബ്രഹ്മസ്വരൂപാനന്ദ പുരി (ഹോസ് ദുര്‍ഗ്, അയ്യപ്പമഠം), സ്വാമി അയ്യപ്പദാസ്, സ്വാമി ദേവചൈതന്യ സരസ്വതി, സ്വാമി ശിവബ്രഹ്മാനന്ദ സരസ്വതി, ശിവപ്രിയാനന്ദ സരസ്വതി, പ്രണവ സ്വരൂപാനന്ദ സരസ്വതി, മണികണ്ഠ സ്വരൂപാനന്ദ സരസ്വതി, കൃഷ്ണാന്ദ സരസ്വതി, സ്വാമി യോഗാനന്ദപുരി, വീരാനന്ദ പുരി, വിശ്വാനന്ദ സരസ്വതി, ജ്യോതിഷ, താന്ത്രിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ നേതൃയോഗത്തില്‍ സംബന്ധിച്ചു.
സ്വാമി അഭേദാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയീ മഠം) സ്വാഗതവും സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) നന്ദിയും പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.
Discussion about this post