കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ 15ന് ധര്‍ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് നാരായണവര്‍മ എന്നിവര്‍ പറഞ്ഞു.
സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി, ശബരിമല കര്‍മ്മ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കന്യാകുമാരി വെള്ളിമലൈ സ്വാമി ചൈതന്യാനന്ദ മഹാരാജ് ധര്‍ണ ഉദ്ഘാടനം ചെയ്യും. നൂറിലധികം സമുദായങ്ങളുടെ സംസ്ഥാനതല നേതാക്കള്‍, ആദ്ധ്യാത്മികാചാര്യന്മാര്‍, ശബരിമല ആചാര സംരക്ഷകരായ ഭക്തജന സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്ന കേന്ദ്രങ്ങളായി ദേവസ്വം ബോര്‍ഡ് മാറിയതായി ആര്‍.വി. ബാബു പറഞ്ഞു. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആഗോള അയ്യപ്പസംഗമത്തെ വിലകുറച്ച് കാണാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന രാഷ്‌ട്രീയ ന്യായീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കൊള്ളയില്‍ പ്രതികരിച്ചത്. ഇത് വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്ന മറുപടിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയാണ് ഈ സമയം വിവരങ്ങള്‍ പുറത്തുവിട്ടതെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്- അദ്ദേഹം തുടര്‍ന്നു.
ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മിഷണറെയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും കൊണ്ട് ഇക്കാര്യം ഇപ്പോള്‍ പറയിച്ചത് അയ്യപ്പന്റെ നിശ്ചയമാണ്. സര്‍ക്കാരിന്റെ ഭാഗമായി സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇതേ സമയം തന്നെ റിപ്പോര്‍ട്ട് നല്‍കിയതും ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി പറയണം. ആകെയുള്ള 1250ല്‍ 1200 ക്ഷേത്രങ്ങളില്‍ നിന്നും വരുമാനമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. വരുമാനമില്ലാത്തതിന്റെ കാരണം കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ്. സ്വകാര്യ ക്ഷേത്രങ്ങള്‍ നന്നായി നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ നവീകരണ പ്രവര്‍ത്തനം പോലും സ്തംഭിച്ചിരിക്കുകയാണ്. ബോര്‍ഡ് പിരിച്ചുവിട്ട് വിശ്വാസികളെ ഭരണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നടക്കുന്നത് ഏറെ ഗൗരവകരമായ കാര്യങ്ങളാണെന്ന് പന്തളം രാജകുടുംബാഗം കൂടിയായ നാരായണ വര്‍മ പറഞ്ഞു. മോഷണം പുറത്തുവന്നിട്ടും ദേവസ്വം ബോര്‍ഡ് ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ പോലും തയാറായില്ല. ഭഗവാന്റെ സ്വത്ത് സൂക്ഷിക്കേണ്ടവര്‍ തന്നെ എല്ലാം മോഷ്ടിച്ച് കടത്തുന്ന അവസ്ഥ വിശ്വാസികള്‍ക്ക് ഏറെ വേദനയുണ്ടാക്കുന്നതാണ്. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ പ്രമോഷന്‍ നല്‍കി പ്രധാന സ്ഥാനത്തിരുത്തുന്നു. ഇതുമൂലം അഴിമതിയും കെടുകാര്യസ്ഥതയും മോഷണവും തുടരുകയാണ്. വേലിതന്നെ വിളവ് തിന്നുന്ന ഈ പ്രവണത അവസാനിപ്പിക്കണമെന്നും ഈ ആവശ്യം മുന്‍ നിര്‍ത്തിയാണ് തിരുവനന്തപുരത്ത് ധര്‍ണ നടത്തുന്നതെന്നും നാരായണ വര്‍മ പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ കെ. സുന്ദരവും പങ്കെടുത്തു.
Discussion about this post