ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് നൂറ് ശതമാനം തുകയും പിന്‍വലിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞദിവസം കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോര്‍ഡിന്റെ 238-ാമത് യോഗത്തിലാണ് പണം പിന്‍വലിക്കാനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചത്.
പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് നൂറ് ശതമാനം തുകയും പിന്‍വലിക്കാം. പ്രത്യേക സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിന്‍വലിക്കാനും സാധിക്കും. ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെയാണിത്. തുക പിന്‍വലിക്കുന്നതിനുള്ള കുറഞ്ഞ സര്‍വീസ് കാലാവധി 12 മാസമായി കുറച്ചു. ഇതുവരെ തൊഴിലില്‍ നിന്ന് വിരമിക്കുമ്പോഴോ ജോലി ഇല്ലാത്ത സാഹചര്യത്തിലോ ആണ് മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പത്ത് തവണ വരെയും വിവാഹ ആവശ്യങ്ങള്‍ക്കായി അഞ്ച് തവണ വരെയും പണം പിന്‍വലിക്കാം. നേരത്തെ ഇത് മൂന്ന് തവണയായിരുന്നു. മാത്രമല്ല, നേരത്തെ പ്രത്യേക സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ പണം പിന്‍വലിക്കുമ്പോള്‍ കാരണം വ്യക്തമാക്കണമായിരുന്നു. ഇത് പലപ്പോഴും ക്ലെയിമുകള്‍ നിരസിക്കുന്നതിനും പരാതികള്‍ക്കും കാരണമായി. ഇപ്പോള്‍ ഒരു കാരണവും സൂചിപ്പിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ അപേക്ഷിക്കാം. അക്കൗണ്ടിലെ പണത്തിന്റെ 25% മിനിമം ബാലന്‍സായി നിലനിര്‍ത്താനുള്ള വ്യവസ്ഥയും ഉണ്ട്. അംഗങ്ങളായ കേന്ദ്രസഹമന്ത്രി ശോഭ കരന്ദ്‌ലജെ, വന്ദന ഗുര്‍നാനി, രമേശ് കൃഷ്ണമൂര്‍ത്തി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post