ആലപ്പുഴ: ഹിന്ദുക്കള്‍ ഒന്നായി നിന്ന് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്ന് മാര്‍ഗദര്‍ശകമണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരളത്തനിമയിലേക്ക് എന്ന സന്ദേശവുമായി മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മസന്ദേശ യാത്രയോടനുബന്ധിച്ച് നടന്ന സനാതന ധര്‍മസമ്മേളനത്തില്‍ ധര്‍മപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിനെ പോലും ഹിന്ദു അല്ലെന്ന് പ്രചരിപ്പിക്കുകയാണ്. ഒന്നൊന്നായി നിരവധി വ്യത്യസ്ഥ ഭാവങ്ങളുള്ള പ്രതിഷ്ഠകളാണ് ക്ഷേത്രങ്ങളില്‍ ഗുരു പ്രതിഷ്ഠിച്ചത്. അവസാനം പ്രണവ പ്രതിഷ്ഠയും നടത്തി. അനേകം കൃതികള്‍ രചിച്ചു. അങ്ങനെയുള്ള ഗുരു ദേവനെയാണ് ഹിന്ദുവല്ല എന്ന് പ്രചരിപ്പിക്കുന്നത്. ശബരിമലയും കൊടുങ്ങല്ലൂരും ബുദ്ധവിഹാരങ്ങളാണ് എന്നാണ് അടുത്ത പ്രചരണം. ഇതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല, എങ്കിലും നാം സത്യം അറിയണമെന്ന് സ്വാമി പറഞ്ഞു. ലോകത്തിലുണ്ടായിരുന്ന പ്രാചീന സംസ്‌കാരങ്ങളെ നശിപ്പിച്ചത് മതങ്ങളാണ്. എന്നാല്‍ ഇത്തരം മതങ്ങള്‍ അധിനിവേശം ചെയ്ത് നമ്മെ അടിമകളാക്കിയിട്ടും ഭാരതീയ സംസ്‌കാരം തകര്‍ന്നിട്ടില്ല എന്ന കാര്യം മനസിലാക്കണം.
എന്നാല്‍ കേരളത്തിലെ അവസ്ഥ വിഭിന്നമാണ്. ഇവിടെ അരിയും മലരും കുന്തിരക്കവുമൊക്കെ വാങ്ങിവെയ്‌ക്കാന്‍ ഒരു വിഭാഗം ആഹ്വാനം ചെയ്യുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നടത്തി. കോടുകുളഞ്ഞി വിശ്വധര്‍മ മഠത്തിലെ സ്വാമി ശിവബോധാനന്ദ അധ്യക്ഷനായി. മതാതീതമായ സന്ദേശ യാത്രയല്ല ഇവിടെ നടക്കുന്നതെന്നും മൂല്യശോഷണം സംഭവിച്ച കേരളത്തെ വളര്‍ത്തിയെടുക്കുക എന്നതുമാണ് യാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആമുഖപ്രഭാഷണം നടത്തി. സെമിറ്റിക്ക് മതങ്ങളെ പോലെ ഭീതിപ്പെടുത്തി ആളുകളെ ഒപ്പം നിര്‍ത്തിയല്ല ഹിന്ദു ധര്‍മം നിലനില്‍ക്കുന്നത്. ഭീതിക്കപ്പുറത്ത് അഭയത്തെ പ്രാപിക്കുക എന്നതാണ് ഹിന്ദുവിന്റെ ധര്‍മം. ഇന്ന് അറേബ്യന്‍ ഭക്ഷണത്തിന്റെയും യൂറോപ്യന്‍ വസ്ത്രധാരണത്തിന്റെയും പുറകേ പോകുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പരം നമസ്തെ എന്ന് പറയാന്‍ രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ തന്നെ വരേണ്ടി വന്നതായും മാര്‍ഗദര്‍ശക മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. മതഭീകരവാദികള്‍ പിടിമുറുക്കുന്നതിന്റെ തെളിവാണ് ആലപ്പുഴയിലെ ജനകീയനായ അഭിഭാഷകനായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം. ഹിന്ദുസമാജം ഇതൊന്നുമറിയാതെ ജീവിക്കുകയാണ്. ഇന്ന് കാണുന്ന ഹലാല്‍ ഭക്ഷണവും ഹിജാബ് വിവാദവും അസുത്രിത നീക്കമാണന്നും അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദ പുരി പറഞ്ഞു.
സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, പന്തിരുകുല ആചാര്യന്‍ സ്വാമി ശിവാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ഗുരുദാസാനന്ദ സരസ്വതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിന്മയാമിഷന്‍ ബ്രഹ്‌മചാരി സുധീഷ് ചൈതന്യ സ്വാഗതവും, സ്വാമി യോഗാനന്ദപുരി നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ പരമ്പരയിലെയും ആശ്രമങ്ങളിലെയും സംന്യാസിമാര്‍ യാത്രയില്‍ പങ്കാളികളാണ്. രാവിലെ ജില്ലാ അതിര്‍ത്തിയായ കിടങ്ങറയില്‍ നിന്ന് ധര്‍മസന്ദേശയാത്രയെ വരവേറ്റു. കൈതവന ജങ്ഷനില്‍ നിന്ന് സംന്യാസിമാരെ പൂര്‍ണകുംഭം നല്‍കി നാമജപത്തോടെയാണ് ആനയിച്ചത്. തുടര്‍ന്ന് ഹിന്ദുനേതൃ സമ്മേളനവും നടന്നു.
Discussion about this post