തിരുവനന്തപുരം: നിസ്വാര്‍ത്ഥമായ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമായ മാതൃകയായിരുന്നു ആര്‍എസ്എസ് കേരള പ്രാന്ത പ്രചാരക് ആയിരുന്ന പി.ഇ.ബി. മേനോനെന്ന് മുന്‍ അഖിലഭാരതീയ കാര്യകാരി സദ്യനും മുതിര്‍ന്ന പ്രചാരകനുമായ എസ്. സേതുമാധവന്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാസമിതി, ഇടപഴനി കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ച പിഇബി മേനോന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രവിദ്യാപീഠം സ്ഥാപകനും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പി. മാധവ്ജിയില്‍ നിന്ന് താന്ത്രികദീക്ഷ സ്വീകരിച്ച പിഇബി മേനോന്‍ ആദ്ധ്യാത്മിക സാധനയോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തനത്തെ രാഷ്‌ട്രസാധനയായും കണ്ടിരുന്നു. താന്‍ ഉള്‍ക്കൊണ്ട ആശയം മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം കുടുംബത്തില്‍ നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ച അദ്ദേഹം സാധാരണ സ്വയംസേവകരോടും ഭേദഭാവമില്ലാതെ സ്‌നേഹപൂര്‍വം ഇടപെട്ടു. ജന്മഭൂമി പത്രത്തിന്റെയും ജനം ടിവിയുടെയും വിവിധ സേവാപ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്‌ക്ക് അക്ഷീണം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായെന്നും ആ അര്‍ത്ഥത്തില്‍ പിഇബി മേനോനെ സംഘത്തിനുവേണ്ടി ജനച്ച വ്യക്തി എന്ന് വിശേഷിപ്പിക്കാമെന്നും എസ്. സേതുമാധവന്‍ പറഞ്ഞു.
തൊട്ടതൊക്കെയും പൊന്നാക്കി മാറ്റുന്നവിധം അപൂര്‍വ സംഘടനാസിദ്ധിയുണ്ടായിരുന്ന പി.ഇ.ബി. മേനോന്‍ എന്നും ഉള്ളില്‍ മാതൃകാ സ്വയംസേവകനായുണ്ടാകുമെന്ന് ദക്ഷിണകേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന രക്ഷാധികാരി സി.കെ. കുഞ്ഞ്, സത്സംഗ പ്രമുഖ് പ്രൊഫ. ബാലചന്ദ്രകുഞ്ഞ്, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എം. ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ജി.കെ. സുരേഷ്ബാബു അധ്യക്ഷനായി.
Discussion about this post