ലക്നൗ : സ്വാതന്ത്യ്രത്തിന് ശേഷം ഇതാദ്യമായി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ഹിന്ദു വിദ്യാർത്ഥികളുടെ ദീപാവലി ആഘോഷം . യൂണിവേഴ്സിറ്റിയുടെ NRSC ക്ലബ്ബിൽ നടന്ന ഈ ആഘോഷത്തിൽ വിദ്യാർത്ഥികൾ 2,100 വിളക്കുകൾ തെളിയിച്ച് കാമ്പസ് പ്രകാശിപ്പിച്ചു. ദീപങ്ങളാൽ ജയ് ശ്രീറാം എഴുതുകയും , ആഹ്ലാദത്തോടെ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവ മുഴക്കുകയും ചെയ്യുന്നുണ്ടായിരുന്നു വിദ്യാർത്ഥികൾ.
പരിപാടിക്കായി കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികളുടെ ഐഡി കാർഡുകൾ പരിശോധിച്ചാണ് വിദ്യാർത്ഥികളെ അകത്ത് പ്രവേശിപ്പിച്ചത് . സന്ധ്യയോടെ ആൺകുട്ടികളും പെൺകുട്ടികളും രംഗോലി, പൂക്കൾ, വിളക്കുകൾ എന്നിവയാൽ അലങ്കരിച്ച പാതകളിൽ വിളക്കുകൾ കത്തിക്കാൻ തുടങ്ങി. വെടിക്കെട്ടും സാംസ്കാരിക പ്രകടനങ്ങളും നടന്നു.
വർണ്ണാഭമായ വെടിക്കെട്ട് മുഴുവൻ സർവകലാശാലയെയും ദീപക്കൂടാരമാക്കി . “സ്പെഷ്യൽ ആർമി ഭാരത് ടാങ്കിൽ” നിന്നുള്ള വെടിക്കെട്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 21 കിലോഗ്രാം മധുരപലഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ മധുരപലഹാരങ്ങൾ കൈമാറുകയും പരസ്പരം ദീപാവലി ആശംസകൾ നേരുകയും ചെയ്തു.മുമ്പ്, വിദ്യാർത്ഥികൾ അവരുടെ ഹോസ്റ്റലുകളിൽ ദീപാവലി ആഘോഷിച്ചിരുന്നുവെന്ന് എ.എം.യു. പ്രോക്ടർ വസീം അഹമ്മദ് പറഞ്ഞു .
ദീപങ്ങളുടെ ഉത്സവത്തിൽ പങ്കെടുത്ത ഹിന്ദു വിദ്യാർത്ഥിയായ അഖിൽ കൗശൽ ഇതിനെ അഭിമാനകരമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. അഖിൽ കൗശലാണ് തങ്ങൾക്ക് ദീപാവലി ആഘോഷിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് എഴുതിയത്.
Discussion about this post