ജയ്പൂര്‍(രാജസ്ഥാന്‍): ഏകാത്മ മാനവ ദര്‍ശനം സനാതനമായ തത്വചിന്ത തന്നെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കാലത്തിനും ദേശത്തിനും സാഹചര്യത്തിനും അനുസൃതമായി പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സനാതന തത്വദര്‍ശനത്തെ ഈ പേരില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. അറുപതാണ്ടിന് ശേഷവും ഏകാത്മ മാനവ ദര്‍ശനം ലോകത്തിനാകെ പ്രസക്തമായിത്തീരുന്നത് അതിന്റെ സനാതനത്വം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.
ഒറ്റവാക്കില്‍ ഏകാത്മമാനവദര്‍ശനം ധര്‍മ്മമാണ്. ധര്‍മ്മം മതമോ സമ്പ്രദായമോ ആരാധനയോ അല്ല. എല്ലാവരെയും നിലനിര്‍ത്തുന്നതാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ധര്‍മ്മം. ഏകാത്മ മാനവ ദര്‍ശനത്തിന്റെ വഴിയാണ് ലോകം പിന്തുടരേണ്ടത്. ഭാരതീയര്‍ വിദേശത്ത് പോയിട്ടുണ്ട്. എന്നാല്‍ ആരെയും കൊള്ളയടിക്കുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്തിട്ടില്ല. പകരം എല്ലാവര്‍ക്കും സന്തോഷത്തിന്റെ വഴി കാട്ടുകയാണ് ചെയ്തത്.നിരവധി പതിറ്റാണ്ടുകളുടെ യാത്രയില്‍ നമ്മുടെ ജീവിതശൈലികളും ഭക്ഷണശീലങ്ങളും വസ്ത്രധാരണരീതികളും മാറിയിട്ടുണ്ടാകാം, എന്നാല്‍ ശാശ്വതമായ തത്ത്വചിന്ത മാറ്റമില്ലാതെ തുടരുന്നു. അതാകട്ടെ സമഗ്ര മാനവികതയുടെ ദര്‍ശനമാണ്. സന്തോഷം നമ്മുടെ ഉള്ളിലാണ് എന്നതാണ് അതിന്റെ അടിസ്ഥാനം. ആ വീക്ഷണത്തില്‍ ലോകം മുഴുവന്‍ ഒന്നാണെന്ന് നമുക്ക് മനസ്സിലാകും. സമഗ്ര മാനവികതയുടെ ഈ തത്ത്വചിന്ത തീവ്രവാദരഹിതമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

അധികാരത്തിന് അതിന്റേതായ പരിധികളുണ്ട്. എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സ്വയം വികസിപ്പിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ലോകമെമ്പാടും സാമ്പത്തിക പ്രക്ഷോഭങ്ങള്‍ പതിവാണ്, പക്ഷേ നമ്മുടെ സമ്പത്തിന്റെ അടിത്തറ കുടുംബവ്യവസ്ഥയായതിനാല്‍ അത്തരം പ്രക്ഷോഭങ്ങള്‍ ഭാരതത്തില്‍ വലിയതോതില്‍ ബാധിച്ചിട്ടില്ലെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.ശാസ്ത്ര പുരോഗതി ഇന്ന് അതിന്റെ ഉന്നതാവസ്ഥയിലാണ്. ശാസ്ത്രത്തെ അടിസ്ഥാനമാക്കി, ഭൗതിക സുഖസൗകര്യങ്ങള്‍ കൊണ്ട് എല്ലാവരുടെയും ജീവിതം സമ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യ മനസ്സുകളില്‍ സമാധാനവും സംതൃപ്തിയും വര്‍ദ്ധിക്കുന്നുണ്ടോ? ശാസ്ത്രീയ പുരോഗതിമൂലം നിരവധി പുതിയ മരുന്നുകളുണ്ടായി, എന്നാല്‍ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടോ? ചില രോഗങ്ങള്‍തന്നെ ഉണ്ടാകുന്നത് ചില മരുന്നുകള്‍ മൂലമാണെന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തില്‍ വൈവിധ്യങ്ങള്‍ ഒരിക്കലും സംഘര്‍ഷത്തിന് കാരണമായിട്ടില്ല. മറിച്ച്, നമ്മള്‍ ആ വൈവിധ്യങ്ങളെ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. നമുക്ക് നിരവധി ദേവന്മാരും ദേവതകളും ഉണ്ട്, ഇനിയും ദേവതകള്‍ വരുന്നതില്‍ നമുക്ക് സന്തോഷമേയുള്ളൂ. ശരീരത്തിനും മനസ്സിനും ബുദ്ധിക്കും സന്തോഷമുണ്ടെന്ന് ലോകത്തിന് അറിയാം. എന്നാല്‍ ഒരേ സമയം അത് എങ്ങനെ നേടണമെന്ന് അറിയില്ല. ആ അറിവ് ഭാരതത്തിന്റെ പക്കലേ ഉള്ളൂ, സര്‍സംഘചാലക് പറഞ്ഞു.
ഏകാത്മ മാനവ ദര്‍ശന്‍ അനുസന്ധാന്‍ പ്രതിഷ്ഠാന്‍ പ്രസിഡന്റ് ഡോ. മഹേഷ് ശര്‍മ്മ, സ്വാസ്ഥ്യ കല്യാണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. എസ്.എസ്. അഗര്‍വാള്‍, ഡോ. നര്‍ബദ ഇന്‍ഡോറിയ എന്നിവര്‍ സംസാരിച്ചു.















Discussion about this post