ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം വെളിച്ചവും വെല്ലുവിളിയുമെന്ന് പുരസ്‌കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്. ദല്‍ഹി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസും യുവകൈരളി സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ്ഗസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത ശാഖകള്‍ ഇന്ന് മലയാള ബാലസാഹിത്യത്തിലുണ്ട്. എന്നാല്‍ വായിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ രീതിയിലുള്ള എഴുത്തിലേക്ക് തിരിഞ്ഞത്. അതിനായി കൂടുതല്‍ പഠനവും വേണ്ടിവരുന്നുണ്ട്. വായനക്കാരായ കുട്ടികളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പരിശ്രമത്തിന് മുതിര്‍ന്നത്. സാധാരണ ബാലസാഹിത്യകൃത്യകള്‍ എഴുതുന്നതിനെക്കാള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും വേണ്ടിവരുന്നുണ്ട്. കൂടുതല്‍ സമയവും ആവശ്യമായി വരുന്നു. കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതാണ്. പുരസ്‌കാരം വെളിച്ചവും ഒപ്പം വെല്ലുവിളിയുമാണെന്ന് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു.
ഏത് സാഹിത്യകൃതിയായാലും അതിന്റെ മേന്മയാകണം ചര്‍ച്ചയ്‌ക്കും കൂടുതല്‍ വിറ്റഴിക്കലിനും കാരണമാകേണ്ടത്. വിവാദങ്ങളല്ല കൃതികളുടെ മേന്മകളാകണം വിലയിരുത്തപ്പെടേണ്ടതെന്നും അദ്ദേഹം ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. എഴുത്തുകാരന്റെ സാമൂഹ്യഉത്തരവാദിത്വവും പൊളിറ്റിക്കല്‍ കറക്ട്‌നസ്സും മാജിക്കല്‍ റിയലിസവും ആത്മാവിഷ്‌കാരവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമെല്ലാം സംവാദത്തിന് വിഷയങ്ങളായി.
ദല്‍ഹി സര്‍വകലാശാല ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസ് വിഭാഗം തലവന്‍ പ്രൊഫ. രവിപ്രകാശ് ടേക്ക്ചന്ദാനി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. ശിവപ്രസാദ് സംസാരിച്ചു. യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.
















Discussion about this post