ഇംഫാല്‍(മണിപ്പൂര്‍): മണിപ്പൂരിലെ സാഹചര്യങ്ങളില്‍ സമാധാനവും സ്ഥിരതയും എക്കാലത്തേക്കുമായി പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ഈ ദിശയിലുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിവരുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നശീകരണത്തിന് നിമിഷങ്ങള്‍ മതിയാകും. നവീകരണത്തിന് വര്‍ഷങ്ങള്‍ താണ്ടേണ്ടി വരും. സമാധാനത്തിന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം എല്ലാവരിലും ആവശ്യമാണ്. ക്ഷമ, കൂട്ടായ പരിശ്രമം, സാമൂഹിക അച്ചടക്കം എന്നിവ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്. പൊതുജന അവബോധം ഇതിന് അനിവാര്യമാണ്. സര്‍ക്കാരില്‍ നിന്ന് എല്ലാം പ്രതീക്ഷിക്കാനാവില്ല. സമൂഹത്തിന്റെ ഉത്തരവാദിത്തം വളരെ പ്രധാനമാണ്. സ്വാശ്രയഭാരതനിര്‍മിതിക്ക് സ്വാശ്രയസമൂഹം സാധ്യമാകണം, അദ്ദേഹം പറഞ്ഞു. ഇംഫാലില്‍ മണിപ്പൂരിലെ പ്രമുഖ വ്യക്തികളുടെ സദസിനെ സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
സംഘപ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ആകാശത്തെയും സമുദ്രത്തെയും തുലനം ചെയ്യാന്‍ മറ്റൊന്നില്ലാത്തതുപോലെയാണത്. സംഘവികാസം തീര്‍ത്തും ജൈവികമാണ്. ആര്‍എസ്എസിന്റെ രീതിശാസ്ത്രം പോലും രൂപംകൊണ്ടത് സ്ഥാപിക്കപ്പെട്ട് പതിനാല് വര്‍ഷത്തിന് ശേഷമാണെന്നും ആ പ്രവര്‍ത്തനത്തെ കൃത്യമായി മനസിലാക്കാന്‍ ശാഖയിലേക്ക് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിനുള്ളില്‍ ഒരു പ്രത്യേക അധികാര കേന്ദ്രം സൃഷ്ടിക്കുകയല്ല സംഘത്തിന്റെ ലക്ഷ്യം, മറിച്ച് എതിര്‍ക്കുന്നവരെ പോലും സംഘടിപ്പിക്കുക എന്നതാണ്. സജ്ജനശക്തിയിലൂടെ സമാജ ഏകീകരണം എന്നതാണ് ശതാബ്ദിയില്‍ സംഘം മുന്നോട്ടുവയ്ക്കുന്നത്. 1932-33 കാലത്താണ് സംഘത്തിനെതിരെ വ്യാപകമായ പ്രചാരണം ആരംഭിച്ചത്. ഭാരതത്തെയും അതിന്റെ തനിമയെയും മനസിലാക്കാന്‍ കഴിയാത്ത ബാഹ്യ സ്രോതസുകളുടെ അനുമാനങ്ങളെയല്ല, വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സംഘത്തെ മനസിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംഘടിതവും ഏകീകൃതവും ഗുണാത്മകവുമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഡോ. ഹെഡ്ഗേവാറിന്റെ തിരിച്ചറിവാണ് സംഘത്തിന്റെ സൃഷ്ടിക്ക് അടിസ്ഥാനമായത്. മനുഷ്യവികാസമാണ് സംഘപ്രവര്‍ത്തനം. ഹിന്ദു എന്ന വാക്ക് മതപരമായ സ്വത്വത്തെയല്ല, മറിച്ച് ഒരു സാംസ്‌കാരികജീവിതമൂല്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ശക്തമായ ഒരു രാഷ്ട്രത്തിന് ഒരുമയും ഗുണസമ്പൂര്‍ണവുമായ സമാജം അനിവാര്യമാണ്.
ഒരു രാഷ്ട്രത്തിന്റെ പുരോഗതി നേതാക്കളെ മാത്രമല്ല, ഒരു സംഘടിത സമൂഹത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
സത്യം, കാരുണ്യം, വിശുദ്ധി, ത്യാഗം എന്നിവയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഹിന്ദു നാഗരികതയുടെ ജീവരക്തമാണ് ധര്‍മ്മം. വിവിധതകള്‍ ഒരേ ധര്‍മ്മത്തെത്തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. വൈവിധ്യം സമൂഹത്തിന്റെ അന്തര്‍ലീനമായ ഐക്യത്തിന്റെ പ്രകടനമാണ്.
നമ്മുടെ രാഷ്ട്രം പാശ്ചാത്യരുടേത് ഭരണകൂട സംവിധാനത്തില്‍ നിന്നല്ല, മറിച്ച് ലോകക്ഷേമത്തിനായുള്ള ഋഷിമാരുടെ ത്യാഗം, ദര്‍ശനം എന്നിവയില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. വസുധൈവ കുടുംബകം പോലുള്ള തത്വങ്ങള്‍ ഹിന്ദുത്വത്തിന്റെ ആഗോള ദര്‍ശനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, രാഷ്ട്രത്തിന്റെ യശസ്സാണ് ഉന്നം. അതിനായി സ്വയംസമര്‍പ്പിച്ചവരാണ് നമുക്ക് നായകരെന്ന് അദ്ദേഹം പറഞ്ഞു.

















Discussion about this post