ന്യൂദല്‍ഹി: പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് പ്രാഥമിക കടമയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ലൗ ജിഹാദില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് ആയിരക്കണക്കിന് പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനും ജാഗ്രത പാലിക്കാനും പ്രാപ്തരാക്കുമെന്നും അവര്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ആര്‍ഷവിദ്യാസമാജവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ ‘ഞാന്‍ ആതിര’യുടെ ഹിന്ദി പരിഭാഷയായ ‘മേം ആതിര’യുടെ പ്രകാശനവും രേഖ ഗുപ്ത നിര്‍വഹിച്ചു. ഈ അനുഭവങ്ങള്‍ ഓരോ മാതാപിതാക്കള്‍ക്കും ഓരോ യുവതികള്‍ക്കും വിലപ്പെട്ട രേഖയാണെന്ന് രേഖ ഗുപ്ത ആഭിപ്രായപ്പെട്ടു.
വിഎച്ച്പി ദല്‍ഹി സംസ്ഥാന പ്രസിഡന്റ് കപില്‍ ഖന്ന അധ്യക്ഷനായി. ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് മുഖ്യപ്രഭാഷണം നടത്തി. എന്‍. വേണുഗോപാല്‍, വൈഭവ് ശര്‍മ്മ, സുരേന്ദ്രകുമാര്‍ ഗുപ്ത, ശൈലേന്ദ്ര, രമേഷ് ശര്‍മ്മ, സുബോധ് ചന്ദ്ര, സുനില്‍ സൂരി, അശോക് ഗുപ്ത, വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍ഷവിദ്യാസമാജം പ്രവര്‍ത്തകര്‍ ഡോക്യുമെന്ററി നൃത്തനാടകമായ ഭരതവും അവതരിപ്പിച്ചു.
















Discussion about this post