തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉന്നതരായ രാഷ്‌ട്രീയ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും സ്വര്‍ണക്കൊള്ളയുടെ കണ്ണികള്‍ കേരളത്തിനുള്ളില്‍ ഒതുങ്ങുന്നതല്ലെന്നും വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍.
അത് കേരളത്തിനു പുറത്തും വ്യാപിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മാത്രമല്ല, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കും കര്‍ണാടകയിലെ വ്യാപാരികള്‍ക്കും, കള്ളക്കടത്തു സംഘങ്ങള്‍ക്കും പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇത് ലോക്കല്‍ പോലീസിനോ എസ്‌ഐടിക്കോ അന്വേഷിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിെഎക്ക് വിടണമെന്ന് അഡ്വ. അലോക് കുമാര്‍ ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം കേരളത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം നില്‍ക്കുന്നതല്ല. ഭാരതത്തിലെ മുഴുവന്‍ ഹൈന്ദവ സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നമാണ്. അത് കേരളത്തിന്റെ അതിരുകള്‍ കടന്ന് ഭാരതത്തിലെ മുഴുവന്‍ ജനങ്ങളിലുമെത്തിക്കുമെന്നും അലോക് കുമാര്‍ പറഞ്ഞു. ശബരിമല കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.















Discussion about this post