ജബല്‍പൂര്‍(മധ്യപ്രദേശ്): ഹിന്ദുസമൂഹം കുടുംബഭാവനയോടെ ഒന്നായി പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രം ശക്തവും സംഘടിതവുമാകുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. എല്ലാ സൃഷ്ടിയിലും ഈശ്വരനെ കാണുന്നതാണ് ഹിന്ദുസംസ്‌കാരത്തിന്റെ സവിശേഷത. സ്ത്രീകളെ ദേവതാരൂപത്തില്‍ കാണുന്ന ഈ സാംസ്‌കാരിക ജീവിതത്തില്‍ പോലും സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങള്‍ നിര്‍മിക്കേണ്ടിവരുന്നതിനെപ്പറ്റി സമൂഹം ആത്മപരിശോധന നടത്തുകയും സ്വയം പരിഷ്‌കരിക്കുകയും വേണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജബല്‍പൂരിലെ സുഹാഗി ബസ്തിയില്‍ നടന്ന മഹാഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയെ അമ്മയെന്ന് വിളിക്കുന്നത് ഹിന്ദുസംസ്‌കൃതി മാത്രമാണ്. ഈ ഭൂമി എന്റെ അമ്മയാണ്, ഞാന്‍ അവളുടെ മകനാണ് എന്ന അഥര്‍വ വേദ വാക്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദു തത്ത്വചിന്തയുടെ അടിത്തറയാണ്. പെണ്‍കുട്ടികളെ ആരാധിക്കുന്ന പാരമ്പര്യം ലോകത്ത് മറ്റൊരിടത്തുമില്ല. ഈ ഉദാത്ത പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സംസ്‌കാരത്തിലുറച്ച സാമൂഹികജീവിതത്തിനും ഹിന്ദു സമ്മേളനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.എല്ലാത്തരം ഭിന്നതകളും ഇല്ലാതാകണം. പിന്നാക്കം നില്‍ക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ശാക്തീകരിക്കേണ്ടതുണ്ട്. നമ്മള്‍ ഒരമ്മയുടെ മക്കളെന്ന ഭാവത്തോടെ സംഘടിക്കണം. നമ്മുടേത് ആക്രമണത്തിന്റെ പാതയല്ല. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും ഭാരതത്തെ ഒരു ലോക നേതൃസ്ഥാനത്ത് വീണ്ടും പ്രതിഷ്ഠിക്കുന്നതിനും ഹിന്ദു ഉണര്‍വ് അത്യാവശ്യമാണ്. ഹിന്ദു ഉണരുന്നത് ആരെയും ഭയപ്പെടുത്താനല്ല, മറിച്ച് സമൂഹത്തെ സംഘടിതരാക്കാനും ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഹിന്ദു സമൂഹത്തെ വിരാട രാഷ്ട്രശരീരമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ആചാര്യ ഗിരിശങ്കര്‍ മഹാരാജ് പറഞ്ഞു. ജാതിഭേദമില്ലാതെ എല്ലാവരും ഈ ശരീരത്തിലെ അവയവങ്ങളാണ്. ഇവിടെ വിവേചനത്തിനോ പരസ്പര സംഘര്‍ഷത്തിനോ ഇടമില്ല, അദ്ദേഹം പറഞ്ഞു. ഡോ. അമിത സക്സേന മുഖ്യാതിഥിയായി.

















Discussion about this post