റാഞ്ചി(ഝാര്‍ഖണ്ഡ്): ഗോത്രസമൂഹവും ഹിന്ദുസമൂഹവും ഒന്നാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹിന്ദു എന്നത് ഒരു ആരാധനാ സമ്പ്രദായത്തിന്റെ പേരല്ല, എല്ലാ വൈവിധ്യങ്ങളിലും ഐക്യബോധം ഉള്‍ക്കൊള്ളുന്ന ജീവിതരീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡീബഡീഹില്‍ നടന്ന ഗോത്രസംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു സര്‍സംഘചാലക്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി വനങ്ങള്‍, കൃഷി, പ്രകൃതി എന്നിവയുമായി യോജിച്ചാണ് ഭാരതീയ നാഗരികത പുരോഗമിച്ചത്. വേദങ്ങളും ഉപനിഷത്തുകളും ഈ ജീവിതരീതിയില്‍ വേരൂന്നിയതാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും ഭൂമാതാവ് പരിപോഷിപ്പിക്കുന്നുണ്ട്. വൈവിധ്യത്തെ ബഹുമാനിക്കുക എന്നതാണ് നമ്മുടെ പാരമ്പര്യം. ധര്‍മ്മത്തിന്റെ അടിസ്ഥാന അര്‍ത്ഥം സത്യം, സേവനം, ദാനം, സംയമനം എന്നിവയാണ്. സമൂഹം ആസക്തിയിലും സ്വാര്‍ത്ഥതയിലും കുടുങ്ങിയപ്പോഴാണ് വ്യത്യാസങ്ങള്‍ വളര്‍ന്നത്. പുറത്തുനിന്നുവന്ന അക്രമകാരികള്‍ അതിനെ മുതലെടുക്കുകയായിരുന്നു. ലോകത്ത് ഒരൊറ്റ ധര്‍മ്മമേയുള്ളൂ, മാനവധര്‍മ്മം. അതാണ് ഹിന്ദുധര്‍മ്മത്തിന്റെ കാതല്‍, സര്‍സംഘചാലക് പറഞ്ഞു.
ഭിന്നതയുണ്ടായാല്‍ സമൂഹം ദുര്‍ബലമാകും. ഒറ്റക്കെട്ടാണെങ്കില്‍ ഒരു ശക്തിക്കും സമൂഹത്തെ ഉപദ്രവിക്കാന്‍ കഴിയില്ല. സമൂഹത്തെ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ദൗത്യം. കുട്ടികളെ സംസ്‌കാരം, പാരമ്പര്യങ്ങള്‍, അഭിമാനം എന്നിവയെക്കുറിച്ച് ചെറുപ്പം മുതലേ പഠിപ്പിക്കണം. അത് അവര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ലെന്ന് ഉറപ്പാക്കും, ഇനി അഥവാ അങ്ങനെ സംഭവിച്ചാലും അവര്‍ വേരുകളിലേക്ക് മടങ്ങിവരും.ഭഗവാന്‍ ബിര്‍സ മുണ്ടയെപ്പോലുള്ള മഹാന്മാര്‍ നമ്മുടെയെല്ലാം പാരമ്പര്യമാണ്. എല്ലാവര്‍ക്കും ആ ദര്‍ശനത്തെക്കുറിച്ച് അറിവുണ്ടാകണം. വനഭൂമിയുടെ സംരക്ഷണം, തൊഴിലെടുക്കുന്നവര്‍ക്ക് ആദരവ്, തൊഴില്‍ സൃഷ്ടിക്കുക, സാമൂഹിക ഐക്യം വളര്‍ത്തുക എന്നിവ് കാലഘട്ടത്തിന്റെ ആവശ്യങ്ങളാണ്. മതപരിവര്‍ത്തനം, ഭൂമി കൈയേറ്റം, സാമൂഹിക ചൂഷണം, ജനസംഖ്യാപരമായ മാറ്റം തുടങ്ങിയ വെല്ലുവിളികളെ സംഘടിതമായി നേരിടാന്‍ കഴിയണം. ബാഹ്യശക്തികളെ ആശ്രയിക്കുന്ന പ്രവണത സ്വയംപര്യാപ്തതയിലൂടെ ഉപേക്ഷിച്ച് ആത്മാഭിമാനികളാകണമെന്ന അദ്ദേഹം ആഹ്വാനം ചെയ്തു.
32 ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംസ്ഥാനത്തുടനീളമുള്ള സാമൂഹിക നേതാക്കളുമാണ് ഗോത്രസംവാദത്തില്‍ പങ്കെടുത്തത്.















Discussion about this post