നക്‌സല്‍ ഭീകരത കൊടികുത്തിവാണ ബസ്തറിലേക്ക് മഹാരാഷ്ട്രയിലെ സത്താറയില്‍ നിന്ന് രാമചന്ദ്ര ഗോഡ്‌ബോലെ കടന്നുചെന്നത് സേവനം ആയുധമാക്കിയാണ്. വനവാസി കല്യാണാശ്രമം ആയിരുന്നു പ്രേരണ. വനവാസികളെ ചൂഷണം ചെയ്ത് കൊഴുത്ത നക്‌സല്‍ ഭീകരവാഴ്ചയ്ക്കിടയില്‍ ഗോഡ്‌ബോലെ ഗോത്രജനതയ്ക്ക് മറ്റൊരു ഗോഡായി. വൈദ്യശാസ്ത്രമാണ് പഠിച്ചത്. ആയുര്‍വേദമായിരുന്നു ശാഖ. പതിനെട്ടാം വയസില്‍ വായിച്ച് മനസിലുറച്ച ആല്‍ബര്‍ട്ട് ഷ്വീറ്റ്സറിന്റെ ജീവിതമാണ് രാമചന്ദ്രയില്‍ഡ സാമൂഹിക സേവനത്തിന്റെ വിത്ത് മുളപ്പിച്ചത്. വൈദ്യശാസ്ത്രം രാമചന്ദ്ര ഗോഡ്‌ബോലെ സേവനസാധനയാക്കി മാറ്റി.
വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ഭാഗമായി മാറിയ രാമചന്ദ്ര നാസിക്കിലെ കനാഷിയില്‍ ഭീല്‍ ഗോത്ര സമൂഹത്തിന് വേണ്ടി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 28 വയസ്സുള്ളപ്പോഴാണ് സംഘടന അദ്ദേഹത്തെ ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയിലേക്ക് അയച്ചത് അവിടെ ബര്‍സൂറില്‍ കാലങ്ങളായി അടഞ്ഞുകിടന്ന ആരോഗ്യകേന്ദ്രം രാമചന്ദ്ര തുറന്നു. അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു.
വനമേഖലയില്‍ ഒറ്റയ്ക്കുള്ള യാത്രകള്‍ പലതുകൊണ്ടും അപകടകരമായിരുന്നു. ഒരു വിവാഹം കഴിക്കാനാണ് കല്യാണാശ്രമം നിര്‍ദേശിച്ചത്. പൂനെയില്‍ സ്ത്രീ ശാക്തീകരണ, സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സാമൂഹിക പ്രവര്‍ത്തക സുനിത പുരാണിക്കിനെ അദ്ദേഹം സഖിയാക്കി. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ജാംഭിവാലി കേന്ദ്രത്തിലും സുനിത പ്രവര്‍ത്തിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ സുനിത പ്രിയനൊപ്പം ബര്‍സൂറിലെ രണ്ട് മുറി വീട്ടിലേക്ക് താമസം മാറി. വനത്തിന് നടുവില്‍ കട്ടയടുക്കി വച്ച് തകരത്തിന്റെ ഷീറ്റ് കൊണ്ട് മറച്ച വീട്. പിന്നെ വനവാസി കല്യാണാശ്രമം സേവനത്തിനായി അനുവദിച്ച ആംബുലന്‍സ്… മരുന്ന് വാങ്ങാന്‍ പണമില്ലാത്ത വനവാസി സമൂഹത്തിന് അവര്‍ ആശ്രയമായി.
ആദ്യമൊക്കെ ഗോത്ര സമൂഹം അവരെ സംശയിച്ചു. അസുഖം വന്നാല്‍ മന്ത്രവാദികളായിരുന്നു അവര്‍ക്ക് അഭയം. അവിടെ രക്ഷയില്ലാതെ വന്നവര്‍ ഡോക്ടറെ വിളിച്ചുവരുത്തും. ക്ലിനിക്കിലേക്ക് വരാന്‍ അവര്‍ക്ക് മടിയായിരുന്നു. കൂരയ്ക്ക് മുന്നില്‍ തീ കൂട്ടിയാണ് അവര്‍ ഡോക്ടറുടെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിച്ചത്. എല്ലാവര്‍ക്കും പുറത്തേക്ക് പോകാന്‍ മടിയായിരുന്നു. ആരോഗ്യ സംരക്ഷണം ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ നല്‍കുകയാണ് പ്രായോഗിക പരിഹാരമെന്ന് ഡോ. രാമചന്ദ്ര മനസിലാക്കി. അദ്ദേഹം അവരുടെ ഭാഷ ഹാല്‍ബി പഠിച്ചു. അവരോടൊത്ത് സമയം ചെലവഴിച്ചു, ക്ഷമയോടെ അവരുടെ വിശ്വാസം നേടി. ക്രമേണ, ക്ലിനിക്കിലേക്ക് രോഗികളെത്തി. സുനിത ഗോഡ്ബോലെയും വെറുതെയിരുന്നില്ല, വനവാസി സ്ത്രീകളെ സുനിത ഒരുമിച്ചുചേര്‍ത്തു. പുളി, പച്ച മാങ്ങ തുടങ്ങിയ വിഭവങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കാന്‍ സഹായിച്ചു.
കുടുംബപരമായ കാരണങ്ങളാല്‍, 2002ല്‍, അവര്‍ക്ക് കുറച്ച് വര്‍ഷത്തേക്ക് സത്താറയിലേക്ക് മടങ്ങേണ്ടിവന്നു. അക്കാലത്ത് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വിക്രംഗഡ് പ്രദേശത്തും സേവനമനുഷ്ഠിച്ചു. എന്നാല്‍ ബസ്തര്‍ അവരെ ഹൃദയം കൊണ്ട് വിളിച്ചുകൊണ്ടിരുന്നു. 2010ല്‍ ഇരുവരും ബസ്തറിലേക്ക് മടങ്ങി.അപ്പോഴേക്ക് 108 ആംബുലന്‍സ്, ടെലികണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു, പക്ഷേ ആശുപത്രികള്‍ അപ്പോഴും അകലെയായിരുന്നു.
2012-ല്‍, സ്ഥിരം ക്ലിനിക് അടച്ചുപൂട്ടി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളിലേക്ക് രാമചന്ദജ്ര മാറി. മാസത്തില്‍ മൂന്ന് തവണ, ഒരു ഗ്രാമത്തില്‍ ഒന്ന് വീതം, രാവിലെ 11 മണിക്ക് ആരംഭിച്ച് അവസാനത്തെ വ്യക്തി ചികിത്സ തേടുന്നതുവരെ. ഗ്രാമീണ യുവാക്കളെ പ്രഥമശുശ്രൂഷ, രോഗ പ്രതിരോധം, ചികിത്സാ ഏകോപനം എന്നിവ പരിശീലിപ്പിച്ച് അവര്‍ക്കായി ‘ആരോഗ്യ മിത്ര മണ്ഡല്‍’ എന്ന സംഘടനയും സ്ഥാപിച്ചു. 65 ഗോത്രവര്‍ഗ യുവാക്കള്‍ ഇപ്പോള്‍ അതിന്റെ സജീവ പ്രവര്‍ത്തകരാണ്. ‘നിങ്ങളുടെ ശരീരത്തെ അറിയുക’ എന്ന സന്ദേശവാക്യവുമായി ബസ്തര്‍ മേഖലയിലെ സ്‌കൂളുകളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബോധവത്കരിച്ച് സുനിതയും ഒപ്പം നടന്നു. അവരിലൂടെ നൂറുകണക്കിന് സ്ത്രീകള്‍ സ്വയംപര്യാപ്തരായി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഹൈദരാബാദില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ഡോ. മുകുന്ദ് കര്‍മാല്‍ക്കര്‍ മെഡിക്കല്‍ ക്യാമ്പുകളിലെത്തുന്നുണ്ട്. മലേറിയ, ക്ഷയം, വിളര്‍ച്ച തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ബസ്തറിനെ മോചിപ്പിക്കുകയാണ് രാമചന്ദ്രയുടെ സ്വപ്‌നം. ലക്ഷ്യം അകലെയാണെങ്കിലും അസാധ്യമല്ലെന്ന് രാമചന്ദ്ര പറയുന്നു.
ഇത് ഞങ്ങളുടെ വീടാണെന്ന് ബസ്തറിലെ വനവാസി ഊരുകളെ ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ പത്മശ്രീ ദമ്പതികള്‍ പറയുന്നത് അഭിമാനത്തോടെയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി, ഡോ. രാമചന്ദ്രയും സുനിത പുരാണിക്കും ഈ ഊരുകളുടെ ഭാഗമാണ്. വനവാസി സമൂഹത്തിന്റെ പ്രേരണയും പ്രത്യാശയുമാണ്. രാഷ്ട്രം പത്മശ്രീ നല്‍കി അവരെ ആദരിക്കുമ്പോള്‍ ബസ്തറിലെ വനവാസികളും അഭിമാനത്തിലാണ്.















Discussion about this post